നഗരസഭയുമായി തർക്കം; തലശേരിയിൽ നിന്നും കാണാതായ ദമ്പതികളെ ഒടുവിൽ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി

തലശ്ശേരി: തലശ്ശേരിയിൽ നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. പന്ന്യന്നൂർ സ്വദേശികളായ ശ്രീദിവ്യ ഭർത്താവ് രാജ് കബീർ എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. എടിഎം കാർഡ് ഉപയോഗിച്ചതാണ് ഇവരെ ട്രാക്ക് ചെയ്യാൻ പോലീസിനെ സഹായിച്ചത്.

ഇരുവരേയും പോലീസ് ഇന്ന് തലശ്ശേരിയിൽ എത്തിക്കും. തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ എഫ്പിആർഎൻ ഫർണിച്ചർ നിർമാണ യൂണിറ്റ് നടത്തുന്ന രാജ് കബീറിനേയും ശ്രീദിവ്യയേയും ചൊവ്വാഴ്ച വൈകീട്ടുമുതലാണ് കാണാതായത്. ഇവർ തമിഴ്നാട്ടിലുണ്ടെന്ന സൂചനകളെ തുടർന്ന് പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

നാടുവിട്ട ഇരുവരും ഒരു വ്യാപാര സ്ഥാപനത്തിൽനിന്ന് എടിഎം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് ഇക്കാര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം തമിഴ്നാട്ടിലേക്കും എത്തിയത്.

മിനി വ്യവസായപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇവരും തലശ്ശേരി നഗരസഭയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യം രാജ് കബീർ പറയുന്നതായി സാമൂഹിക മാധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു.

ALSO READ- എംഡിഎംഎ കേസിലെ പ്രതികളെ കാണാൻ ഇടിവള കൊണ്ട് സ്റ്റേഷനിലെത്തി എഎസ്‌ഐയെ തല്ലിച്ചതച്ച് സൈനികൻ; സംഭവം കൊല്ലത്ത്

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നഗരസഭാധികൃതർ ബുധനാഴ്ച രാവിലെ താക്കോൽ കൈമാറാൻ സ്ഥാപനത്തിലെത്തി സഹോദരനെ വിളിച്ചുവരുത്തിയെങ്കിലും ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല.

Exit mobile version