വിദ്യാർത്ഥിനിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; നിലവിളിച്ച് ഓടി രക്ഷപ്പെട്ട് പെൺകുട്ടി; പാലക്കാട് അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: സ്‌കൂളിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്.

ക്ലാസ് കഴിഞ്ഞ ശേഷം സംശയനിവാരണത്തിനായി വൈകുന്നേരം വിദ്യാർഥിനിയോട് സ്‌കൂളിൽ കാത്തുനിൽക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടിരുന്നു. മറ്റ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പെൺകുട്ടിയെ സമീപിച്ചായിരുന്നു അതിക്രമമെന്നു പെൺകുട്ടി മൊഴി നൽകി.

നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദ്യം ചെയ്‌തെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പോലീസിൽ പരാതി നൽകി.

അതേസമയം, അധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം.

also read- പരാതി പറയാനെത്തിയപ്പോൾ തർക്കം; 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പരാതിക്കാരൻ അറസ്റ്റിൽ! പുലിവാല് പിടിച്ച് പ്രകാശ്, നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിൽ നാടകീയ സംഭവങ്ങൾ

പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് എട്ട് മാസം മുൻപാണ് സനോഫർ അധ്യാപകനായെത്തിയത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Exit mobile version