‘ഇത്തിരി വൈകും’; എന്ന് അനന്ദുവിന്റെ സന്ദേശം; ഒരിക്കലും വരാത്ത യാത്രയിലെന്ന് കരുതിയില്ല; അപകടത്തിൽ പൊലിഞ്ഞത് പ്രിയപ്പെട്ട അധ്യാപകൻ; ഗർഭിണിയായ ഭാര്യയെ ആശ്വസിപ്പിക്കാനാകാതെ കുടുംബം

കടുത്തുരുത്തി: ക്ലാസെടുക്കാനായി കോളേജിലേക്ക് പുറപ്പെട്ട അധ്യാപകനെ പാതിവഴിയിൽ അപകടം കവർന്നെന്ന വാർത്ത ഞീഴൂർ ഐ.എച്ച്.ആർ.ഡി. കോളേജിലെ ഒരാൾക്കും വിശ്വസിക്കാനാകുന്നില്ല. ‘തിങ്കളാഴ്ച ഇത്തിരി വൈകിയേ വരൂ…രണ്ടാമത്തെ പീരിയഡിൽ ക്ലാസെടുത്തോളാം…ഞാൻ എടുക്കേണ്ട ആദ്യ ക്ലാസ് സാർ എടുക്കാമോ… എന്ന് കൊമേഴ്‌സ് വിഭാഗം മേധാവി അനൂപ് കുര്യനോട് അനന്ദു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

വൈകുമെന്ന് പറഞ്ഞ അനന്ദു ഇനി ഒരിക്കലും കോളേജിലേക്ക് വരില്ലെന്നതു പോലെ അറംപറ്റുമെന്ന് ആരും കരുതിയില്ല. കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായ തലയോലപ്പറമ്പ് കാർത്തികയിൽ അനന്ദു ഗോപിയാ(29)ണ് ബൈക്കിൽ സ്‌കൂട്ടർ ഇടിച്ച് മരണപ്പെട്ടത്.

സാധാരണ മഴയുള്ള ദിവസങ്ങളിൽ കാറിനാണ് അനന്ദു സ്‌കൂളിൽ വന്നിരുന്നത്. പതിവിന് വിപരീതമായി ബുള്ളറ്റിൽ കോളേജിലേക്ക് വരുന്നതിനിടെയാണ് അനന്ദു അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ സ്‌കൂട്ടർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അധ്യാപകനടക്കം രണ്ടുയുവാക്കളാണ് ഈ അപകടത്തിൽ മരിച്ചത്. രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

ബൈക്ക് ഓടിച്ചിരുന്ന അനന്ദു ഗോപി (29), സ്‌കൂട്ടർ ഓടിച്ചിരുന്ന മുട്ടുചിറ മൈലാടുംപാറ പേട്ടയിൽ അമൽ ജോസഫ് (23) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടർ യാത്രക്കാരായ മൈലാടുംപാറ തെക്കേമാളിയേക്കൽ ജോബി ജോസ് (26), കുറുപ്പന്തറ കണ്ടമലയിൽ രഞ്ജിത്ത് രാജു (26) എന്നിവർക്കാണ് പരിക്കേറ്റത്.

also read- നടിയുമൊത്തുള്ള അശ്ലീല വീഡിയോ; പീഡനക്കേസിൽ ആൾദൈവം നിത്യാനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വാറന്റ്

അധ്യാപകന്റെ അകാല വിയോഗം വിദ്യാർഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ പത്തോടെ അധ്യാപകനായ അനന്ദുവിന് കോളേജിലേക്ക് വരുന്നവഴി അപകടംപറ്റി എന്ന വിവരം കോളേജിൽ അറിഞ്#ിരുന്നു. അപ്പോഴും ചെറിയ പരിക്കുകൾ മാത്രമായിരിക്കും എന്നാവും സഹഅധ്യാപകരും വിദ്യാർഥികളും ആദ്യം വിചാരിച്ചത്.

എന്നാൽ, അപകടവിവരം അറിഞ്ഞ് മുട്ടുചിറയിലെ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ അധ്യാപകർക്ക് സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരടക്കാൻ സാധിച്ചില്ല. സകലരും വിങ്ങിപ്പൊട്ടുകയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അനന്ദു. രണ്ട് വർഷം മാത്രമേ ആയുള്ളൂ കോളേജിൽ അധ്യാപകനായി ചുമതലയേറ്റിട്ട്.

ഫുട്‌ബോൾ കളിക്കാരനായ ഇദ്ദേഹം കുട്ടികളുടെ സ്‌പോർട്‌സ് മേഖലയിലെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നതായി പ്രിൻസിപ്പൽ വി ടി ശ്രീകല പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് എറണാകുളം സ്വദേശിനിയായ ആതിരയെ അനന്ദു വിവാഹം കഴിച്ചത്. ആതിര ഗർഭിണിയാണ്. ആദ്യ കൺമണിയെ കാണാൻ അനന്ദു ഉണ്ടാകില്ലെന്നത് വീട്ടുകാരേയും ബന്ധുക്കളേയും ദുഃഖത്തിലാഴ്ത്തി.

Exit mobile version