മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളിൽ’ കണ്ടെത്തിയത് പൂപ്പൽ ബാധിച്ച പന്നിയിറച്ചി; വിറ്റഴിക്കാൻ ശ്രമിച്ചത് 25 കിലോയോളം! സ്റ്റാൾ പൂട്ടിച്ചു

കൽപ്പറ്റ: മീനങ്ങാടിയിൽ പൂപ്പൽ ബാധിച്ച പന്നിയിറച്ചി പിടികൂടി. ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് 25കിലോയോളം വരുന്ന പൂപ്പൽ ബാധിച്ച പന്നിയിറച്ചി കണ്ടെത്തിയത്. മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളി’ൽ നിന്നുമാണ് പൂപ്പൽ ബാധിച്ച് ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. സംഭവത്തെ തുടർന്ന് സ്റ്റാൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെൽത്ത് ഇൻസ്‌പെക്ടർ ഗീതയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വിവാഹത്തിന് ക്ഷണിച്ചത് ഓഫീസിലുള്ള 70 സഹപ്രവർത്തകരെ, ആകെ വന്നത് ഒരാൾ മാത്രം; ദുഃഖം സഹിക്കാകാതെ യുവതി ജോലി രാജിവെച്ചു

മാർക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളിൽ പഴകിയ പന്നിമാംസം വിൽപ്പനക്ക് വെച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. 25 കിലോയോളം വരുന്ന മാംസം പൂപ്പൽ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്. സ്ഥാപനത്തിൽ നിന്ന് ഹെൽത്ത് കാർഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസോ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

സുൽത്താൻ ബത്തേരി നഗരസഭയുടെ ലൈസൻസാണ് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരൻ ഹാജരാക്കിയതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഗീത പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുകയും കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് ഫെനോയിൽ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം, കഴിഞ്ഞ ജൂലൈയിൽ മാനന്തവാടിയിൽ പഴകിയതും പുഴുക്കൾ നിറഞ്ഞതുമായ ബീഫ് പിടിച്ചെടുത്തിരുന്നു.

കോറോം ചോമ്പാൽ ബീഫ് സ്റ്റാറ്റാളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചത്. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടർന്ന് ബീഫ് സ്റ്റാൾ അടച്ചുപൂട്ടിക്കുകയും ചെയ്തു.

Exit mobile version