മദ്രാസ് റജിമെന്റ് ആസ്ഥാനത്ത് പൂർണകായ പ്രതിമ; യാത്ര അയപ്പ് അതിന് മുന്നിൽവെച്ച്; മലയാളികൾക്ക് അഭിമാനമായ നായർ സാബ് ഇവിടെയുണ്ട്

ചേലക്കര: കരസേനാ മദ്രാസ് റജിമെന്റിന്റെ ആസ്ഥാനമായ നീലഗിരി എംആർസി വെല്ലിങ്ടണിന് മുന്നിൽ സ്ഥാപിച്ച പൂർണകായ പ്രതിമ കണ്ട് പണ്ടെങ്ങോ മൺമറഞ്ഞ സൈനികന്റേതാണ് എന്ന് കരുതരുത്. ധീര ജവാനും മലയാളിയുമായ സഹസൈനികരെല്ലാം ‘നായർ സാബ്’ എന്നു സ്‌നേഹബഹുമാനത്തോടെ വിളിച്ചിരുന്ന ഗോപിനാഥൻ നായരുടേതാണ് ആ പ്രതിമ. സൈന്യം അദ്ദേഹത്തിന്റെ സുത്യർഹസേവനത്തെ ആദരിക്കാനായാണ് ജീവിച്ചിരിക്കുന്ന സൈനികന്റെ പ്രതിമ സ്ഥാപിച്ചത്. ഇന്തോ-പാക് യുദ്ധത്തിലാണ് ഗോപിനാഥൻ നായർ സൈന്യത്തിനായി ധീരമായ സേവനം നടത്തിത്.

ഔദ്യോഗിക പരേഡുകൾ നടക്കാറുള്ള ക്വാർട്ടർ ഗാർഡനിൽ 1980ലാണ് മലയാളിയായ ഈ സൈനികന്റെ പ്രതിമ സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹം വിരമിച്ച ശേഷം കാൽനൂറ്റാണ്ടായി ചേലക്കര എൽഎഫ് സ്‌കൂളിനു മുന്നിലെ വിജയനിവാസ് വീട്ടിൽ തന്നെയുണ്ട്.

19 വർഷത്തെ സൈനിക സേവനത്തിനിടെ 1971ൽ ഇന്തോ-പാക് യുദ്ധത്തിൽ നടത്തിയ ധീരസേവനമികവാണ് കെആർ ഗോപിനാഥൻ നായർ എന്ന റിട്ട. ഹവിൽദാറിനെ സേന ആദരിച്ചത്. പോരാട്ടമികവിന് അംഗീകാരമെന്ന നിലയിൽ ഗോപിനാഥൻ നായരുടെ പ്രതിമ മദ്രാസ് റജിമെന്റ് ആസ്ഥാനത്തു സ്ഥാപിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത് അന്നത്തെ ഡപ്യൂട്ടി കമൻഡാന്റ് കേണൽ ആർജി ശാസ്ത്രിയായിരുന്നു.

ALSO READ- പാൽ വാങ്ങാനായി ഇറങ്ങിയ പെൺകുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

അന്ന് സേനാമികവ് കണക്കാക്കാൻ വിവിധ മാനദണ്ഡങ്ങൾ പാലിച്ചു തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ഒന്നാം സ്ഥാനവും ഗോപിനാഥൻ നായർക്ക് ലഭിച്ചു. തുടർന്ന് മഹാബലിപുരത്തെ ശിൽപികളുടെ സംഘമാണു ഗോപിനാഥൻ നായരുടെ പൂർണകായ പ്രതിമ നിർമിച്ചത്.

1965ൽ സൈന്യത്തിൽ ചേർന്ന ഗോപിനാഥൻ നായർ 1976ൽ ഹവിൽദാർ തസ്തികയിലെത്തി സൈനികരുടെ പരിശീലനച്ചുമതലയിലേക്കു മാറി. 1984ൽ വിരമിക്കുമ്പോൾ സ്വന്തം പ്രതിമയുടെ മുന്നിൽ വച്ചാണു ഗോപിനാഥൻ നായർക്കു സഹപ്രവർത്തകർ യാത്രയയപ്പു നൽകിയത്. കോട്ടയം എലിക്കുളം കുന്നപ്പിള്ളിക്കരോട്ട് കുടുംബാംഗമായ ഗോപിനാഥൻ നായർ എക്‌സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

Exit mobile version