ബലാത്സംഗത്തിന് ഇരയായ 15കാരി ടാര്‍പൊളില്‍ ഷെഡ്ഡില്‍ പ്രസവിച്ച് കിടക്കുന്നു: ദുരിത കാഴ്ച കണ്ട് വനിതാ പോലീസ് പൊട്ടിക്കരഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ധന്യാ രാമന്‍

കൊല്ലം: കുളത്തൂപ്പുഴയിലെ ഒരു പട്ടികജാതി കുടുംബം നേരിടുന്ന ദുരിത ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്നദ്ധ പ്രവര്‍ത്തക ധന്യാ രാമന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി പ്രസവിച്ചെന്ന് ധന്യാ രാമന്‍ പറഞ്ഞു. ടാര്‍പൊളില്‍ ഷെഡ്ഡില്‍ പ്രസവിച്ച് കിടക്കുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് ധന്യ കുറിച്ചു.

അമ്മ മാനസിക രോഗിയാണ്. അഞ്ച് മക്കളുണ്ട്. അച്ഛന്‍ മരിച്ചുപോയി. 13-ാം വയസിലാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടില്‍ തന്നെ പ്രസവിച്ചു. അഞ്ച് കുട്ടികളില്‍ ആരും സ്‌കൂളില്‍ പോകുന്നില്ല. സ്വന്തമായി ഭൂമിയോ റേഷന്‍ കാര്‍ഡോ ഇല്ല. ഇത്രയും നരകിച്ചൊരു ജീവിതം മുന്‍പ് കണ്ടിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു.

‘എനിക്കറിയില്ല ഞാന്‍ ഭൂമിയില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന്. ഇവിടെ വന്ന വനിതാ പൊലീസ് ഇവരെ കണ്ടു പൊട്ടിക്കരഞ്ഞു. എന്തൊരു ജീവിതം ആണിത്? കോടികള്‍ മുടക്കി വാഴുന്ന പട്ടിക ജാതി വികസന വകുപ്പിന്റെ ഒരു പ്രമോട്ടര്‍ പോലും തിരിഞ്ഞു നോക്കിയില്ല. വകുപ്പിന് എന്താണ് ജോലി?’ ധന്യാ രാമന്‍ ചോദിക്കുന്നു. സ്ഥലത്തെത്തിയ ശേഷം പട്ടിക ജാതി വികസനവകുപ്പുമായി ബന്ധപ്പെട്ടെന്നും സാമൂഹിക പ്രവര്‍ത്തക വ്യക്തമാക്കി. ‘ആദ്യം മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു.

പെണ്‍കുഞ്ഞിനേയും അവള്‍ പ്രസവിച്ച കുഞ്ഞിനേയും വനിതാ ശിശു ക്ഷേമ വകുപ്പ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ള മൂന്ന് കുഞ്ഞുങ്ങളെ ടി സി ഒക്കെ വാങ്ങി വരും ദിവസങ്ങളില്‍ ഹോസ്റ്റലിലേക്ക് മാറ്റും. ഇങ്ങനെയും ആഹാരം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. മഞ്ഞ നിറമുള്ള കണ്ണ് കുഴിഞ്ഞു ആവശ്യത്തിന് രക്തം ഇല്ലാതെ.. ജീവനുണ്ടോ? എന്ന് തോന്നിപ്പോകും’, വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനേയും പൊലീസ് ഉദ്യോഗസ്ഥരേയും വിവരം അറിയിച്ച് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തെന്നും ധന്യാ രാമന്‍ കൂട്ടിച്ചേര്‍ത്തു.



‘കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പട്ടികജാതി കുടുംബത്തെ പോയി കണ്ടു. അമ്മ മാനസീക രോഗി അഞ്ച് മക്കള്‍ അച്ഛന്‍ മരിച്ചു പോയി. 15 വയസുള്ള മകള്‍ വീട്ടില്‍ തന്നെ റേപ്പ് ചെയ്യപ്പെട്ടു പ്രസവിച്ചു കിടക്കുന്നു. വീട്ടില്‍ തന്നെയാണ് പ്രസവിച്ചത്. ഒരാണ്‍കുഞ് 13 വയസ് റേപ്പ് ന്റെ ഇരയാണ്. ആരും സ്‌കൂളില്‍ പോകുന്നില്ല. സ്വന്തമായി ഭൂമിയില്ല, വീടില്ല, ടാര്‍പൊളിന്‍ ഷെഡില്‍ റേഷന്‍ കാര്‍ഡ് പോലും ഇല്ല. വസ്ത്രം ഇല്ല. ഇത്രേം നരകിച്ചൊരു ജീവിതം മുന്‍പേ കണ്ടിട്ടില്ല.

എനിക്കറിയില്ല ഞാന്‍ ഭൂമിയില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന്. ഇവിടെ വന്ന വനിതാ പൊലീസ് ഇവരെ കണ്ടു പൊട്ടിക്കരഞ്ഞു. എന്തൊരു ജീവിതം ആണിത്?? കോടികള്‍ മുടക്കി വാഴുന്ന പട്ടിക ജാതി വികസന വകുപ്പിന്റെ ഒരു പ്രമോട്ടര്‍ പോലും തിരിഞ്ഞു നോക്കിയില്ല. വകുപ്പിന് എന്താണ് ജോലി. ഇവിടേക്ക് വന്നിട്ട് ആദ്യം മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു. പെണ്‍കുഞ്ഞിനേയും അവള്‍ പ്രസവിച്ച കുഞ്ഞിനേയും വനിതാ ശിശു ക്ഷേമ വകുപ്പ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ള മൂന്ന് കുഞ്ഞുങ്ങളെ ടി സി ഒക്കെ വാങ്ങി വരും ദിവസങ്ങളില്‍ ഹോസ്റ്റലിലേക്ക് മാറ്റും. ഇങ്ങനെയും ആഹാരീ ഇല്ലാതെ കുഞ്ഞുങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. മഞ്ഞ നിറമുള്ള കണ്ണ് കുഴിഞ്ഞു ആവശ്യത്തിന് രക്തം ഇല്ലാതെ.. ജീവനുണ്ടോ എന്ന് തോന്നിപ്പോകും.പറ്റുന്നവര്‍ ആ കൊല്ലത്തുള്ള പട്ടിക ജാതി വകുപ്പിന്റെ ഓഫീസറുടെ മുഖത്തൊന്നു പൊട്ടിക്കണം. ഓഫീസിനൊരു റീത്തു വയ്ക്കണം. ഈ തൈരന്‍മാര്‍ ഞങ്ങളെ കൊന്നൊടുക്കയാണ്. ഇത്രേം ഞാന്‍ വിഷമിച്ചിട്ടില്ല. ജീവനുള്ള ഒരു വ്യക്തി എന്ന നിലയില്‍ പ്രാഥമിക മായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. അതിനു രാധാകൃഷ്ണന്‍ മിനിസ്റ്റര്‍ടെ ഓഫീസ്, കൊല്ലം റൂറല്‍ എസ് പി രവി സാര്‍, കുളത്തുപ്പുഴ എസ്എച്ച്ഒ ഗിരീഷ്, രമേശ് എന്നിവര്‍ക്ക് കൂപ്പുകൈ.

Exit mobile version