പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആസം സ്വദേശി മരിച്ചു; സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആശങ്കയില്‍

കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസം സ്വദേശി മരിച്ചു. ആസാം സ്വദേശിയായ ജീവന്‍ ബറുവയാണ് മരിച്ചത്. പേവിഷ ബാധയ്ക്ക് ചികിത്സ തേടുന്നതിനിടെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നെ തിരികെ കൊണ്ടുവരികയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങള്‍ ഏറെ ആശങ്ക പരത്തിയിരുന്നു.

ബുധനാഴ്ച രാത്രി മുതല്‍ നടന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വീണ്ടും ചികിത്സ നടത്തുന്നതിനിടയാണ് മരണം സംഭവിച്ചത്.

രോഗിയില്‍ നിന്നും കടി ഏല്‍ക്കുകയോ, സ്രവങ്ങള്‍ വഴിയോ പേവിഷബാധ പടരാം എന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടായിരുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വാക്‌സിനെടുത്ത് സുരക്ഷിതമായി കഴിയണം എന്നാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം.

പേവിഷബാധ ഏറ്റാല്‍ രക്ഷപ്പെടാനുള്ള സാധ്യത അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ആറുമാസം വരെ രോഗി പരമാവധി ജീവിച്ചിരിക്കാറുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, വളരെ പെട്ടെന്ന് തന്നെ രോഗി മരിച്ചു പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ജീവന്‍ ബറുവ ബുധനാഴ്ച രാത്രി 12.30നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിലാക്കി ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലാകെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാന്‍ ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്.

ബുധനാഴ്ച രാത്രി 10 മണിയോടുകൂടി വിദഗ്ധ ചികിത്സയ്ക്കായി ജീവന്‍ ബറുവയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നടന്ന വിദഗ്ധ പരിശോധനയ്ക്ക് ഒടുവില്‍ ജീവന്‍ ബറുവയ്ക്ക് പേവിഷബാധ ഉണ്ട് എന്ന് സ്ഥിരീകരിച്ചു.

Exit mobile version