കൊല്ലത്ത് കല്ലടയാറ്റിലെ ഒഴുക്കിൽപെട്ട വയോധികയെ കയറുപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറ്റി നാട്ടുകാർ!

കൊല്ലം: നാട്ടുകാരുടെ കൂട്ടായ്മയും ധീരതയും രകഅഷിച്ചത് വയോധികയുടെ ജീവൻ. കുളത്തൂപ്പുഴ അമ്പലക്കടവിൽ കല്ലടയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. കുളത്തൂപ്പുഴ സ്വദേശി സതിയുടെ ജീവനാണ് രക്ഷിച്ചത്.

കുത്തൊഴുക്കിൽപ്പെട്ട് കുറച്ചധികം മുന്നോട്ടുപോയ 65 വയസുകാരിയെ അതിസാഹസികമായാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വടവും കയറും ഉപയോഗിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ രക്ഷാപ്രവർത്തനമാണ് സതിക്ക് രക്ഷയായത്.

ഉച്ചയോടെയായിരുന്നു സംഭവം. ദീർഘകാലമായി ബാംഗ്ലൂരിൽ താമസിച്ചുവന്നിരുന്ന സതി നാട്ടിലെത്തിയപ്പോൾ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവരുടെ തുണി ഒഴുക്കിൽപ്പെട്ടപ്പോൾ ഇത് പിടിക്കാനായി മുന്നോട്ടാഞ്ഞതും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പുഴയിലെ കുത്തൊഴുക്കിൽപെട്ട സതിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ 300 മീറ്ററോളം മുന്നോട്ടുപോയിരുന്നു.

also read- മെഡൽ പ്രതീക്ഷിച്ചിരുന്നു; സ്വർണം മറ്റൊരു മലയാളിക്ക് ലഭിച്ചതിൽ അഭിമാനം; വെള്ളി നേടിയ അബ്ദുള്ളയുടെ കുടുംബം

സതിയുടെ കൂടെയുണ്ടായിരുന്ന സഹോദരി ഭയന്ന് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് സംഭവസ്ഥലത്തേക്ക് നാട്ടുകാർ ഓടിക്കൂടുന്നത്. ഇതിനോടകം കമ്പിൽ പിടിത്തം കിട്ടിയ വയോധികയെ നാട്ടുകാർ കയറുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിച്ചത്. അവിടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ പക്കലുണ്ടായിരുന്ന കയർ സംഘടിപ്പിച്ച് നാട്ടുകാർ വയോധികയെ വലിച്ചടുപ്പിച്ച് കരയിലേക്ക് കയറ്റി. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് മുതലായവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Exit mobile version