അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുൻ പോലീസുകാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ചെറുതോണി: അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. തമിഴ്നാട്ടിൽ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ 43കാരൻ അമീർ ഷാ അറസ്റ്റിലായത്.

2017-18ൽ, പോലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് പോലീസ് സൊസൈറ്റിയിൽ നിന്നും വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരായ പലരിൽനിന്നും അഞ്ചുലക്ഷം മുതൽ 25 ലക്ഷംവരെ പ്രതി വാങ്ങുകയും ചെയ്തു. സൊസൈറ്റിയിൽ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതൽ 25000 വരെയും വാഗ്ദാനം ചെയ്താണ് ഇയാൾ പോലീസുകാരെയും കബളിപ്പിച്ചത്.

‘മഹല്ല് ഖാളിയുടെയും ജനറല്‍ സെക്രട്ടറിയുടെയും ആശിര്‍വാദമുണ്ടായിരുന്നു’: മഹല്ല് കമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതോടെ ഭീഷണിയുണ്ടായി; നിക്കാഹ് വിവാദത്തില്‍ വധുവിന്റെ സഹോദരന്‍

ആദ്യ ആറുമാസം ഇത്തരത്തിൽ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നൽകുകയും ചെയ്തു. ശേഷം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചത്. ഒരുവർഷം കഴിഞ്ഞപ്പോൾ ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ പോലീസുകാരിൽ ചിലർ പരാതി നൽകി. തുടർന്ന് ഇയാളെ 2019-ൽ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

തട്ടിപ്പിനിരയായ കുറച്ചുപേർ മാത്രമാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്. എന്നാൽ ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തതായും റിപ്പോർട്ട് ഉണ്ട്. വകുപ്പുതല നടപടിയെ ഭയന്ന് പലരും തട്ടിപ്പ് പുറത്തറിയിച്ചില്ല. അന്വേഷണം നടക്കുന്നതിനിടെ പ്രതി മുങ്ങി. ഒടുവിൽ ഇക്കൊല്ലം ഇടുക്കി ഡി.സി.ആർ.ബി. കേസന്വേഷണം ഏറ്റെടുത്തു.

തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം അമീർ ഷായെ തമിഴ്നാട്ടിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version