ചെരിപ്പ് വെള്ളത്തിൽ പോയി; അമ്മയുടെ ഒക്കത്ത് നിന്ന് ഇറങ്ങാതെ വാശിപ്പിടിച്ച് ഒന്നാംക്ലാസുകാരൻ, പുതിയത് വാങ്ങി നൽകി വിഡി സതീശൻ, ജയപ്രസാദ് ഹാപ്പി

പറവൂർ: മലവെള്ളം പാഞ്ഞെത്തുമ്പോൾ ജീവനും കൈയിൽ പിടിച്ച് ഓടുന്നതിനിടയിൽ ഒന്നാം ക്ലാസുകാരനായ ജയപ്രസാദിന്റെ ചെരിപ്പ് വെള്ളത്തിൽ പോയത്. വീടും പ്രദേശവും വെള്ളത്താൽ ചുറ്റപ്പെട്ടതല്ല, തന്റെ പാദരക്ഷകൾ പോയതാണ് ഈ കുറുമ്പനെ ഏറെ വേദനിപ്പിച്ചത്. ചെരിപ്പ് നഷ്ടപ്പെട്ടതോടെ അമ്മയുടെ ഒക്കത്ത് നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ വാശിപ്പിടിച്ച് ഇരിക്കുകയായിരുന്നു ഈ കുറുമ്പൻ.

ഐഎഎസ് നേടാന്‍ കേരളത്തില്‍ നിന്നും മാത്രം പതിനായിരം പേര്‍, പരിശീലനം നേടാന്‍ ഇപ്പോഴും അവസരം

എളന്തിക്കര ഗവ. എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. വാശിയോടെ ഇരിക്കുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുശലം ചോദിച്ചെത്തി. തന്റെ ചെരിപ്പ് നഷ്ടപ്പെട്ടുവെന്ന് മാത്രമെ ജയപ്രസാദിന് പരാതിയുണ്ടായിരുന്നുള്ളൂ. ഒരു ചെരിപ്പ് പോയതിനാൽ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ. ക്യാമ്പ് നടക്കുന്ന അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ജയപ്രസാദ്.

സാരമില്ല നമുക്ക് പുത്തൻ ചെരിപ്പ് വാങ്ങാമല്ലോ എന്ന് സതീശൻ ഉറപ്പു കൊടുത്തപ്പോൾ ജയപ്രസാദ് പറഞ്ഞു – എനിക്ക് ബെൽറ്റുള്ള ചെരിപ്പ് വേണം. അതിനെന്താ ! ബെൽറ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാൻ വി.ഡി. സതീശൻ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറിൽ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും ചെരിപ്പുകട അന്വേഷിച്ചിറങ്ങി.

കടയിലെത്തി ചെരിപ്പ് ഇട്ടു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയതോടെയാണ് ജയപ്രസാദിന്റെ മുഖം തെളിഞ്ഞത്. ജയപ്രസാദിനൊപ്പം ചായക്കടയിൽനിന്ന് ചായയും കുടിച്ചിട്ടാണ് പ്രതിപക്ഷ നേതാവ് അവനെ തിരിച്ച് ക്യാമ്പിൽ കൊണ്ടുവിട്ടത്. തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലും മുറിച്ചുകളഞ്ഞതാണ്. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്.

Exit mobile version