തിരയിൽ തുള്ളിക്കൊപ്പം നിറഞ്ഞ് മത്തി; പുറത്തൂർ കടപ്പുറത്ത് മത്തി ചാകര

പുറത്തൂർ: മലപ്പുറം പുറത്തൂരിലെ പടിഞ്ഞാറേക്കര കടപ്പുറത്ത് അപ്രതീക്ഷിതമായി മത്തി ചാകര എത്തിയത് നാട്ടുകാർക്ക് ആഘോഷമായി. ഓരോ തിരയിലും വെള്ളത്തെക്കാൾ കൂടുതൽ മത്തിക്കൂട്ടം പിടഞ്ഞെത്തിയതോടെയാണ് ആഘോഷത്തിന്റെ ലഹരിയായത്.

പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര കരക്കെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ മീനെത്തിയത്. തിരയ്‌ക്കൊപ്പം കരയിലേക്ക് മീൻ കയറുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പാഞ്ഞെത്തി.

വലയും കുട്ടയുമായി ഒക്കെ എത്തിയവരുമുണ്ടായിരുന്നു. കുട്ടികളും മുതിർന്നവരും കുട്ടകളിൽ മത്തി കോരി കരയിൽ കൂട്ടിയിട്ടു. നാട്ടുകാരിൽ പലരും സഞ്ചിയിലും പാത്രങ്ങളിലും കൊണ്ടുപോയി.

ALSO READ- കേസിൽ നിന്ന് പിന്മാറാൻ നിരന്തര ഭീഷണി; നാൽപ്പത് ലക്ഷം മതിപ്പുള്ള വീട് നൽകാമെന്ന് വാഗ്ദാനം; മധുവിന്റെ അമ്മ നൽകിയ പരാതി ഗൗനിക്കാതെ പോലീസും

വിവരമറിഞ്ഞ് ദൂരെ നിന്നെത്തിയവർ പോലും കൊട്ടക്കക്കിന് നല്ല ഫ്രഷ് മത്തിയുമായാണ് കടപ്പുറം വിട്ടത്. വൈകിട്ടോടെയാണ് താനൂരിൽ ഈ പ്രതിഭാസം ഉണ്ടായത്. ഇവിടെയും നൂറു കണക്കിനു പേരെത്തി മത്തിയുമായി മടങ്ങി. മാസങ്ങൾക്കു മുൻപും പടിഞ്ഞാറേക്കരയിൽ മീൻ ചാകര പ്രത്യക്ഷപ്പെട്ട സംഭവമുണ്ടായിരുന്നു.

Exit mobile version