ഈ ഓണത്തിനും 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് 425 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 13 തവണ കിറ്റ് വിതരണം നടത്തി. 5500 കോടി ചെലവാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മാസവും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡ് നില മെച്ചപ്പെട്ടതോടെയാണ് മാസംതോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിച്ചത്. കഴിഞ്ഞ ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. സമാനമായ നിലയില്‍ ഇത്തവണയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയില്‍ ചില കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തുന്നു. കോവിഡ് പ്രത്യാഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതല്‍ ഇടപെടേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version