നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു; പൊട്ടിക്കരഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം: നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥിനിയെ സുരക്ഷാകാരണങ്ങൾ പറഞ്ഞ് അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥിനിയോട് അടിവസ്ത്രം അഴിക്കാൻ നിർദേശിച്ച സ്ത്രീയ്ക്ക് എതിരെയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് റിപ്പോർട്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥിനികൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ALSO READ- അർഥികയും അദ്വികയും കാത്തിരുന്നു, അമ്മ ഇനി തിരിച്ചുവരില്ലെന്ന് അറിയാതെ; കണ്ണീരായി അഞ്ജലിയുടെ അപകടമരണം

പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നുമാണ് രക്ഷിതാവ് പറയുന്നത്. എന്നിട്ടും ചെവികൊള്ളാതെ ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും രക്ഷിതാവ് പറഞ്ഞു.

Exit mobile version