അക്രമികള്‍ കല്ലേറില്‍ തകര്‍ത്തത് 13 കെഎസ്ആര്‍ടിസി ബസുകള്‍; പമ്പ-നിലയ്ക്കല്‍ ബസ് സര്‍വീസ് നിലച്ചു

പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്.

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു.

പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. അതിനുശേഷം ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടിവന്നു. രാത്രി വൈകിയാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പുറമെ പോലീസ് ജീപ്പുകള്‍ക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലില്‍ കല്ലേറിനെത്തുടര്‍ന്ന് പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version