സുഹൃദ്ബന്ധം അവസാനിപ്പിക്കാൻ സച്ചിൻ ശ്രമിച്ചു; കൊച്ചിയിൽ യുവാവ് നടുറോഡിൽ വെച്ച് കഴുത്തറുത്തതിന് പിന്നിൽ

കൊച്ചി: കലൂരിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവ് നടുറോഡിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കാരണത്തെ സംബന്ധിച്ച് സൂചനകൾ പുറത്തുവിട്ട് പോലീസ്. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രിസ്റ്റഫർ ക്രൂസ് എന്ന യുവാവ് കഴുത്തറുത്തതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ ക്രൂസ് കലൂർ മാർക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

ക്രിസ്റ്റഫർ ആക്രമിച്ച് പരിക്കേൽപ്പിച്ച സച്ചിന്റെ മൊഴിയിൽ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചു. ഇത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു.

ALSO READ- ‘ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ’; മദ്യലഹരിയിൽ വിമാനത്താവളത്തിൽ വെച്ച് മാസ് ഡയലോഗ് അടിച്ച് യാത്രക്കാരൻ; പിടികൂടി പോലീസിൽ ഏൽപ്പിച്ച് ജീവനക്കാർ

തുടർന്ന് തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിസ്റ്റഫറിന്റെ ആവശ്യം നിരസിക്കപ്പെട്ടതോടെ സച്ചിനെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും സച്ചിൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ക്രിസ്റ്റഫർ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version