ഞായറാഴ്ചയും ജോലിക്കെത്തി 90 ശതമാനം ജീവനക്കാര്‍; ഹൃദയപ്പൂര്‍വം സ്വീകരിച്ച ജീവനക്കാരെ അഭിനന്ദിച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഓഫീസില്‍ ഞായറാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. 90 ശതമാനം ജീവനക്കാരാണ് ഞായറാഴ്ചയും ജോലിക്കെത്തിയത്.

തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാര്‍ ഞായറാഴ്ച ജോലിക്കെത്താനുള്ള തീരുമാനത്തെ ഹൃദയപ്പൂര്‍വമാണ് ഏറ്റെടുത്തതെന്ന് ജീവനക്കാരെ അഭിനന്ദിച്ച് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

വരുംദിവസങ്ങളിലും ചുമതലപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തുടരുമെന്ന് മേയര്‍ വ്യക്തമാക്കി. ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കുന്ന ചിത്രങ്ങളും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

‘സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാര്‍ ഹൃദയപ്പൂര്‍വം ഏറ്റെടുത്തു. നഗരസഭ മെയിന്‍ ഓഫീസ്, 11 സോണല്‍ ഓഫീസുകള്‍, സര്‍ക്കിള്‍ ഓഫീസുകള്‍ എല്ലാം തന്നെ പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുകയും, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്തു. 90% ജീവനക്കാരും ഇന്ന് ഓഫീസില്‍ ഹാജരായി.

ഇന്നത്തെ അവധി ദിവസവും പ്രവര്‍ത്തിച്ചുകൊണ്ട് പരമാവധി ഫയലുകള്‍ തീര്‍പ്പാക്കുന്നതിനാണ് നഗരസഭ കൗണ്‍സിലും, സംഘടനയും തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ സോണല്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ചുമതലപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലും തുടര്‍ന്ന് മേയറുടെ നേതൃത്വത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിനോടൊപ്പം ചേര്‍ന്നുനിന്നു കൊണ്ട് കുടിശ്ശിക ഫയല്‍രഹിത നഗരസഭ എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജീവനക്കാരുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നതിന്റെ സൂചനയായി ഇന്നത്തെ പ്രവര്‍ത്തിദിവസം മാറി എന്നത് അങ്ങേയറ്റം അഭിന്ദനാര്‍ഹമായ കാര്യമാണ്. അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായ മുഴുവന്‍ ജീവനക്കാരെയും നഗരവാസികള്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. നമ്മുടെ നഗരത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി നമുക്കൊരുമിച്ച് മുന്നേറാം”. ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version