വേഗം കുറയ്ക്കാതെ ഹംപ് ചാടി: സീറ്റില്‍ നിന്നുയര്‍ന്ന് ബസിന്റെ മുകളില്‍ ഇടിച്ച് യാത്രക്കാരന്റെ നട്ടെല്ലിന് ഗുരുതരപരിക്ക്

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മിന്നല്‍ ബസ് മിന്നല്‍ വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ ബസിലെ യാത്രക്കാരന് നട്ടെല്ലിന് ഗുരുതര പരുക്ക്. മൂവാറ്റുപുഴ വാഴപ്പിള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് (39) പരുക്കേറ്റത്.
സതീഷിന്റെ നട്ടെല്ലിന് പൊട്ടല്‍ ഗുരുതരമാണ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്.

ഇന്നലെ രാത്രി കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന സതീഷ്, പാലക്കാട് പോകുകയായിരുന്ന യാത്ര ചെയ്തത്. ബസ് രാത്രി പന്ത്രണ്ടരയോടെ ചങ്ങനാശേരിയില്‍ എത്തിയപ്പോഴാണ് ഹംപ് ചാടിയത്. വേഗം കുറയ്ക്കാതെ മുന്നോട്ടെടുത്ത ബസ് ഉയര്‍ന്നു പൊങ്ങുകയായിരുന്നു.

ഉറക്കത്തിലായിരുന്ന സതീഷ് സീറ്റില്‍ നിന്നുയര്‍ന്നു പൊങ്ങി ബസിന്റെ മുകളില്‍ ഇടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്കു വീണതിനെ തുടര്‍ന്നാണ് നട്ടെല്ലിനു പരുക്കേറ്റത്. സതീഷ് വേദനയില്‍ അലറി വിളിച്ചു കരഞ്ഞതോടെ ബസിലെ യാത്രക്കാരുടെ കൂടി സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടതിനാല്‍ ബന്ധുക്കള്‍ എത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

Exit mobile version