പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിലെ വിജയം; ആഘോഷമാക്കാൻ കടൽ കാണാനെത്തിയ രണ്ട് വിദ്യാർത്ഥികൾ കാണാമറയത്തേക്ക്; കണ്ണീരിൽ കോവിൽത്തോട്ടം

ചവറ: പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിൽ മികച്ചവിജയം നേടിയത് ആഘോഷമാക്കാനായി കൂട്ടുകാരുമൊത്ത് കടൽ കാണാൻ എത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായത് നോമ്പരക്കാഴ്ചയായി. അപകടം പതിയിരിക്കുന്ന കോവിൽത്തോട്ടം 132തീരത്താണ് വിദ്യാർത്ഥികളെ കാണാതായത്. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും ഈ തീരം അത്ര സുരക്ഷിതമല്ലെന്നാണ് ഇവിടെ നിന്നുള്ള ദുഖ വാർത്തകൾ സൂചിപ്പിക്കുന്നത്.

കടൽ ഭിത്തിയും കടന്ന് വെള്ളം കയറി നിൽക്കുന്ന ഇവിടെ വെള്ളത്തിലിറങ്ങി നിന്ന് ഫോട്ടോയെടുക്കാനും മറ്റും ഒട്ടേറെപ്പേർ എത്താറുണ്ട്. വിദ്യാർഥികളും യുവാക്കളുമാണ് ഈ തീരത്തിന്റെ ഏറ്റവും വലിയ ആരാധകർ.

കഴിഞ്ഞദിവസം ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ജയകൃഷ്ണൻ വിജയിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് എസ്എസ്എൽസി പരീക്ഷയിൽ വീനീഷ് വിജയിയത്. ഇരുവരും കൂട്ടുകാരുടെ കൂടെ ഈ സന്തോഷം പങ്കുവെയ്ക്കാനായാണ് കടൽത്തീരത്തെത്തിയത്. എന്നാൽ ഇവർ കടലോരത്ത് കളിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു.

രക്ഷപ്പെട്ട മൂന്നുപേരും തിരയിൽപെട്ട തങ്ങളുടെ രണ്ടു കൂട്ടുകാരെയും രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകിട്ട് അഞ്ചരയോടെ താരത്ത് ത്തിയ ഇവർ ആറരയോടെയാണ് അപകടത്തിൽപെട്ടത്. കാണാതായ വിനീഷിന്റെ അച്ഛൻ ആനപാപ്പാനായിരുന്ന ബിജു 3 വർഷം മുൻപ് ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. അമ്മയും ഏക സഹോദരനുമാണ് ഉള്ളത്.

ഇവർ വാടകയ്ക്ക് താമസിക്കുന്നത് ചെറുശേരിഭാഗത്താണ്. സ്വന്തം നാടയ വടക്കുംതല പനയന്നാർകാവും വിനീഷ് പഠിച്ച എസ്വിപിഎം ഹൈസ്‌കൂളും അപകട വിവരമറിഞ്ഞ് വിറങഅങലിക്കുകയാണ്.

പന്മന മനയിൽ എസ്ബിവിഎസ്ജിഎച്ച്എസ്എസ് വിദ്യാർഥിയായിരുന്നു ജയകൃഷ്ണൻ. സഹപാഠികളും നാട്ടുകാരും സംഭവം അറിഞ്ഞ് ഇരുവരുടേയും വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങി.

ALSO READ- കണ്ണൂരിലെ പെന്തക്കോസ്ത് വിശ്വാസികൾ മരണപ്പെട്ടാൽ മറവു ചെയ്യാൻ കോഴിക്കോട്ടേക്ക് നാല് മണിക്കൂറെടുത്ത് യാത്ര; ന്യൂനപക്ഷ കമ്മീഷന്റെ അടിയന്തര ഇടപെടൽ;ഭൂമി ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം

സുജിത്ത് വിജയൻപിള്ള എംഎൽഎ, തഹസിൽദാർ പി.ഷിബു, ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ് കുമാർ, ഇൻസ്‌പെക്ടർ എ.നിസാമുദ്ദീൻ, പഞ്ചായത്തംഗങ്ങളായ ആൻസിജോർജ്, വിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Exit mobile version