‘പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്’: വൈറല്‍ കുറിപ്പെഴുതിയ ആ കള്ളന്‍ അറസ്റ്റില്‍

തൃശൂര്‍: ‘പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്’, ആ വൈറല്‍ കുറിപ്പെഴുതിയ കള്ളന്‍ ഒടുവില്‍ പിടിയില്‍. കുന്നംകുളത്തെ കടയില്‍ മോഷ്ടിക്കാന്‍ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് വൈറലായ കളളനാണ് പോലീസ് പിടിയില്‍. വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജാണ് പിടിയിലായത്.

മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്നും ഒന്നും കിട്ടാത്തതില്‍ നിരാശനായാണ് കളളന്‍ കുറിപ്പെഴുതി വെച്ചത്. ”പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ്ഡോര്‍ പൂട്ടിയിട്ടത്. വെറുതെ തല്ലിപ്പൊട്ടിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു.” എന്നായിരുന്നു മോഷ്ടാവിന്റെ കുറിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയിലെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു മോഷ്ടാവ് ഇയാള്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്.

മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ കല്‍പ്പറ്റ പൊലീസിന് കൈമാറി. കേരളത്തിലെ നിരവധി ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ് വിശ്വരാജ്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂര്‍, കണ്ണൂര്‍, ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

കഴിഞ്ഞയാഴ്ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാള്‍ മോഷ്ടിക്കാന്‍ കയറിയിരുന്നു. രണ്ട് കടകളില്‍ നിന്നായി 12000 രൂപയും 500 രൂപയും മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കടയില്‍ നിന്നും ഒന്ന് കിട്ടാതെ വന്നപ്പോഴാണ് ഇയാള്‍ കുറിപ്പ് എഴുതിവെച്ചത്. കടയിലെ എല്ലാ അലമാരയും തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു.

Exit mobile version