ബാങ്ക് കൊള്ളയടിക്കാന്‍ കയറി, ഒടുവില്‍ നിരാശയിലായ കള്ളന്‍ കത്തെഴുതിവെച്ച് മടങ്ങി!

മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ സര്‍ക്കാര്‍ റൂറല്‍ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാന്‍ കയറിയത്.

ഹൈദരാബാദ്: ബാങ്ക് കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ ഒന്നും ലഭിക്കാത്തതില്‍ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി. തെലങ്കാന പോലീസിലെ മഞ്ചേരിയല്‍ ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ സര്‍ക്കാര്‍ റൂറല്‍ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാന്‍ കയറിയത്. പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ശാഖയുടെ ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ അവിടെ നിന്നും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല. ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും ചെയ്തു.

ഇതോടെ വിഷമത്തിലായ കള്ളന്‍ ഒരു പേപ്പറെടുത്ത് തന്റെ വിഷമം എഴുതിവെച്ചു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്- മോഷ്ടാവ് പേപ്പറില്‍ കുറിച്ചു.

ഒരു റെസിഡന്‍ഷ്യല്‍ ഹൗസിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version