നടി മാളവികയുടെ വീട്ടില്‍ വന്‍ മോഷണം: ഒന്നര ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടമായി; മുന്‍വാതില്‍ കുത്തിപ്പൊളിച്ച് കയറുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍

പാലക്കാട്: നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ കവര്‍ച്ച.
പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് നടത്തിയ കവര്‍ച്ചയില്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. മാളവികയുടെ വിലകൂടിയ വാച്ചും നഷ്ടമായി.

മാളവികയുടെ ഭര്‍ത്താവും നടനുമായ തേജസ് ജ്യോതി വീട്ടില്‍ കള്ളന്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ചാണ് വീട്ടിലേക്കു കയറിയത്. എല്ലാ റൂമിലും കയറി വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥലത്ത് ഇല്ലായിരുന്നു. ഞങ്ങളും ഉണ്ടായിരുന്നെങ്കില്‍ അത് ചിലപ്പോള്‍ വലിയ അപകടമായേനെ, തേജസ് പറഞ്ഞു.

സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. സ്ഥാപനത്തിലെ എല്ലാ വാതിലുകളുടെയും പൂട്ടുകളും അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ച നിലയിലാണ്. സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല.

പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തൃത്താല പോലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ സംഘമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version