ഭിക്ഷ ചോദിച്ചെത്തി കുഞ്ഞിനെയും എടുത്തോടി: രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍; നാടോടി സ്ത്രീയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

അടൂര്‍: കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിന്നും രണ്ടരവയസ്സുകാരനെ കാണാതായത്, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് റബ്ബര്‍ തോട്ടത്തിലെത്തിയതും രാത്രി കഴിഞ്ഞതും മഴ നനയാതിരുന്നതും കരയാതിരുന്നതുമെല്ലാം ദുരൂഹതയുണര്‍ത്തുന്നതാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെയാണ് പത്തനംതിട്ടയില്‍ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തമിഴ്‌നാട് സ്വദേശിനിയുടെ ശ്രമം. യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇളമണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന നാടോടി സ്ത്രീയെ ആദ്യം കണ്ടത്.

അപകടം മനസിലാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ് നാടോടി സ്ത്രീയുടെ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസിന്റെ പിടിയിലായപ്പോള്‍ ഊമയായി അഭിനയിക്കുകയായിരുന്നു ഇവര്‍.

Exit mobile version