വിലക്കുകള്‍ ലംഘിച്ചും കണ്ണ് വെട്ടിച്ചും ബീച്ചിലെത്തി; സെല്‍ഫി എടുക്കുന്നതിനിടെ അടിച്ചു കയറി തിരമാല, നഷ്ടപ്പെട്ടത് പിഞ്ചുകുഞ്ഞിനെ

ആലപ്പുഴ: സെല്‍ഫിയെടുക്കുന്നതിനിടെ അടിച്ചു കയറിയ തിരമാല കൊണ്ടുപോയത് രണ്ടരവയസുകാരനെ. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് കടലില്‍ കാണാതായത്. ഞായറാഴ്ച പകല്‍ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടം നടന്നത്. തൃശ്ശൂരില്‍ ഒരുകല്യാണത്തില്‍ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്.

രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ച ഇവര്‍ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. പോകുന്നതിനു മുന്‍പ് ബിനുവുമൊത്ത് കടല്‍കാണാന്‍ എത്തുകയായിരുന്നു. കുട്ടികളും അനിതയും സെല്‍ഫിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വാഹനം റോഡില്‍നിന്ന് മാറ്റിയിടാന്‍പോയ ബിനു തിരികെവരുമ്പോള്‍ കണ്ടത് അനിതയും കുട്ടികളും കടലിലെ തിരമാലയില്‍പ്പെട്ടു പോയ കാഴ്ചയാണ്.

കരച്ചില്‍ കേട്ടെത്തിയ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. അതിനിടെ ആദികൃഷ്ണ കൈവിട്ടുപോകുകയായിരുന്നു. ദിവസങ്ങളായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബീച്ചിലേക്ക് ആരെയും പോലീസ് കടത്തിവിട്ടിരുന്നില്ല. അതുകൊണ്ട് ഇവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ ഇഎസ്‌ഐ ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തുകൂടിയാണ് ബീച്ചിലേക്കെത്തിയത്. പോലീസും അഗ്‌നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കടലില്‍ ഇറങ്ങാന്‍വയ്യാത്ത സാഹചര്യമായതിനാല്‍ കുട്ടിക്കായുള്ള തെരച്ചില്‍ തുടങ്ങാനായിട്ടില്ല.

Exit mobile version