മാതാപിതാക്കളുടെ അനുഗ്രഹം തേടി: നയന്‍താരയും വിഘ്‌നേഷും തിരുവല്ലയിലെത്തി

കൊച്ചി: മാതാപിതാക്കളുടെ അനുഗ്രഹം തേടി നയന്‍താരയും വിഘ്‌നേഷ് ശിവനും വീണ്ടും കേരളത്തിലെത്തി. നവദമ്പതികളുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.
ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവദമ്പതികള്‍ എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷം നയന്‍സും വിക്കിയും നേരെ വന്നിരിക്കുന്നത് കേരളത്തിലേക്കാണ്. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയന്‍താരയുടെ വീട്. ഇവിടെയാണ് അമ്മയും അച്ഛനും താമസിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ വിക്കിയും നയന്‍താരയും എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓറഞ്ച്, പീച്ച് കുര്‍ത്ത സെറ്റാണ് നയന്‍താരയുടെ വേഷം. കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്‌നേഷിന്റെ വേഷം.

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ താരദമ്പതികള്‍ കേരളത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ഒന്‍പതാം തീയതിയായിരുന്നു താര വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.

വിഘ്‌നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമാണ് നയന്‍സ്-വിക്കി വിവാഹം.

Exit mobile version