സിദ്ധീക്കും കെപിഎസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തിയത് ദിലീപിന്റെ സെറ്റില്‍ നിന്നും; ആക്രമിക്കപ്പെട്ട നടി ഇനി മാപ്പും പറയണോ? സിദ്ധീഖിനെതിരെ വീണ്ടും ജഗദീഷ്

കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ്

ഡബ്ല്യുസിസിയുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ കെപിഎസി ലളിതയും സിദ്ധീഖും മാധ്യമങ്ങളെ കണ്ടത് ദിലീപിന്റെ സിനിമയുടെ സെറ്റില്‍ വെച്ചെന്ന് സൂചന. നടന്‍ ജഗദീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജഗദീഷ് അമ്മയുടെ വക്താവല്ലെന്ന് പത്രസമ്മേളത്തില്‍ സിദ്ധീഖ് പറഞ്ഞതോടെ പല കാര്യങ്ങളും തുറന്ന് പറഞ്ഞ് അമ്മയുടെ ട്രഷറര്‍ ജഗദീഷ് രംഗത്തെത്തുകയായിരുന്നു.

കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് പറയുന്നു. ഇത് തന്നെ വളരെ സ്ട്രെയിഞ്ച് ആണ്. അതില്‍ ഒരു ധാര്‍മ്മികതയുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറയുന്നു.

ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നല്ല. ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നുമുണ്ട്. സിദ്ധീഖിന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ജനറല്‍ ബോഡി ഉടന്‍ വിളിക്കില്ലെന്ന് എങ്ങനെയാണ് സിദ്ധീഖിന് തീരുമാനിക്കാന്‍ കഴിയുക? എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ബോഡി കൂടണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ലളിത ചേച്ചി വാര്‍ത്ത സമ്മേളനം വിളിച്ച് കൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്? ലളിത ചേച്ചി സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവെച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ലെന്നും ജഗദീഷ് പറയുന്നു.

സംഘടനയില്‍ നിന്നും രാജിവെച്ച് പുറത്ത് പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. പക്ഷെ സിദ്ധീഖിന്റെ വേര്‍ഷനായപ്പോള്‍ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അത് അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ. അമ്മ ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമെന്ന് പറയുമ്പോള്‍ അവരെ കൊണ്ട് മാപ്പ് പറയപ്പിക്കണമെന്ന് സിദ്ധീഖ് പറയുന്നത് എന്തിന് വേണ്ടിയാണ്.? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് മാപ്പ് പറയുന്നു. അത് അവരെ അംഗീകരിക്കുന്നതിലും അപ്പുറമാണെന്നും ജഗദീഷ് പറയുന്നു.

ഇതിനിടെ, ജഗദീഷും ബാബുരാജും സംസാരിക്കുന്ന ഓഡിയോ മെസേജ് ലീക്ക് ആയിരുന്നു.

Exit mobile version