നിരവധി സിനിമകളിൽ വേഷമിട്ട് കുട്ടിതാരങ്ങൾ; പക്ഷെ ജീവിതം ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വാടക കൂരയിൽ; സഹായവുമായി സുമനസുകൾ

കടുത്തുരുത്തി: മലയാളസിനിമയിൽ നിരവധി വേഷങ്ങളിലെത്തിയ സഹോദരങ്ങളായ മൂന്ന് കുട്ടിത്താരങ്ങളുടെ വെള്ളിത്തിരയിലെ ജീവിതം പ്രകാശം പരത്തുന്നതാണെങ്കിലും യഥാർഥത്തിൽ ഇരുൾ പതിഞ്ഞതാണ് ഇവരുടെ ജീവിതം. ഈ മൂന്നു ബാല താരങ്ങൾ താമസിക്കുന്നത് ഇടിഞ്ഞു വീഴാറായ വാടക വീട്ടിലാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മിഥുനും ആറാം ക്ലാസുകാരനായ വിസാദും ഒന്നാം ക്ലാസിലുള്ള മവീജികയുമാണ് ദുരവസ്ഥയിൽ ജീവിതം മുന്നോട്ട് നീക്കുന്നത്.

മുളക്കുളം പഞ്ചായത്ത് കീഴൂർ തണങ്ങാട്ടുചിറ വീട്ടിൽ മണിക്കുട്ടൻ – വിശാലം ദമ്പതികളുടെ മക്കളായ ഈ മൂവർ സംഘം മിഖായേൽ, മധുരരാജ, മാർക്കോണി മത്തായി, ദ് പ്രീസ്റ്റ് തുടങ്ങി 13 സിനിമകളിലും എന്റെ മാതാവ്, സൂപ്പ് എന്നീ ടിവി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മവീജിക 5 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഇവരുടെ പിതാവായ കൂലിപ്പണിക്കാരനായ മണിക്കുട്ടനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ഞീഴൂരിലെ നിത്യസഹായകൻ എന്ന സംഘടനയുടെ പ്രവർത്തകർ കഴിഞ്ഞ ദിവസം വീട്ടിലെത്തി സഹായം കൈമാറി.

സംഘടനയുടെ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, യൂത്ത് കോഓർഡിനേറ്റർ അർജുൻ തൈക്കൂട്ടത്തിൽ, സെക്രട്ടറി സിന്ധു വികെ ആന്റണി കെഎൽ പ്രേംകുമാർ, ചാക്കോച്ചൻ, ജിജോ ജോർജ്, ജയശ്രീ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

also read- മകന്റെ മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ ആശുപത്രിയിൽ നൽകേണ്ടത് അരലക്ഷം രൂപ; തെരുവിൽ ഭിക്ഷയാചിച്ച് ദമ്പതികൾ; ജീവനക്കാർ അനധികൃതമായി പണം വാങ്ങുന്നത് പതിവെന്ന് പരാതി

കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുമെന്നും സുമനസ്സുകളുടെ സഹായത്താൽ വീടു പണിതു കൊടുക്കുന്ന കാര്യം ട്രസ്റ്റിന്റെ പരിഗണനയിലുണ്ടെന്നും അനിൽ ജോസഫ് അറിയിച്ചു.

Exit mobile version