കൊറിയൻ ബാൻഡുകൾക്ക് അടിമപ്പെട്ടു; ഫോൺ ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല; കുറിപ്പെഴുതിവെച്ച് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം: മൊബൈൽ ഫോണിന് അടിമപ്പെട്ടതിൽ മനംനൊന്ത് കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനാണ് ശനിയാഴ്ച സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണം താൻ ജീവനൊടുക്കുകയാണ് എന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മൂന്നുപേജുള്ള കുറിപ്പ് പോലീസ് കണ്ടെടുത്തു.

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനിയാണ് ജീവ. പ്ലസ് വണിൽ പ്രവേശനം നേടിയതിന് ശേഷവും പഠനത്തിൽ മിടുക്ക് കാണിച്ചിരുന്നു. വീട്ടിൽ മുറിയടച്ചിട്ട് പഠിക്കാനിരിക്കുകയായിരുന്നു പെൺകുട്ടിയുടെ ശീലം. കഴിഞ്ഞദിവസംം ജീവ മുറി അടച്ചിട്ട് പഠിക്കാനിരുന്നപ്പോൾ അനുജത്തി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽക്കാരെത്തി ജനൽച്ചില്ല് തകർത്ത് നോക്കിയതോടെയാണ് ജീവയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുറിയുടെ വാതിൽ തകർത്ത് പെൺകുട്ടിയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ താൻ ജീവനൊടുക്കുകയാണെന്ന് ജീവയുടെ കുറിപ്പിൽ പറയുന്നു. താൻ മൊബൈൽ ഫോണിന് അടിമപ്പെട്ടു. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതുകാരണം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുവെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.

also read- രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു

അതേസമയം, മരിച്ച ജീവ മോഹൻ സാമൂഹികമാധ്യങ്ങളിൽ അധികസമയം ചിലവഴിച്ചിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ യൂട്യൂബിൽ പതിവായി കൊറിയൻ ബാൻഡുകളുടെ സംഗീത പരിപാടികൾ കാണാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

also read- രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version