ഡപ്യൂട്ടി കലക്ടറാവാന്‍ നിയമം തടസ്സമായി, അതേ നിയമം തിരുത്തിക്കുറിച്ച് മോഹനകുമാര്‍ പടിയിറങ്ങി

കോട്ടയം: നിയമത്തെ തിരുത്തിക്കുറിച്ച് മോഹനകുമാര്‍ ഓഫീസിന്റെ പടിയിറങ്ങി.
ഭിന്നശേഷിക്കാര്‍ക്കായി തന്റെ ജീവിതം മാറ്റിവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു കോട്ടയം അയ്മനം സ്വദേശി ആര്‍ മോഹനകുമാര്‍.

അര്‍ഹമായ ഡപ്യൂട്ടി കലക്ടര്‍ പദവിയിലെത്താന്‍ നിയമം തടസ്സമായെങ്കിലും അതേ നിയമത്തെ പൊളിച്ചെഴുതിയാണ് വരും തലമുറയ്ക്ക് അവസരം നഷ്ടമാകാതിരിക്കാന്‍ മോഹനകുമാര്‍ പൊരുതിയത്.

ഒരു വയസില്‍ പോളിയോ ബാധിച്ചാണ് മോഹനകുമാറിന്റെ കാലുകളുടെ ചലനശേഷി നഷ്ടമായി. തുടര്‍ന്ന് തളരാതെ കൈകുത്തി മോഹനകുമാര്‍ ജീവിതത്തിലേക്ക് നടന്നു കയറി.

പരിമിതികളില്‍ തളരാതെ ബി.കോമിന് രണ്ടാം റാങ്കോടെ ഉന്നത വിജയം. 25-ാം വയസില്‍ റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അംഗപരിമിതനെന്ന പേരില്‍ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പ്രമോഷന്‍ തഴയപ്പെട്ടതോടെ മോഹനകുമാര്‍ ജീവിതം പോരാട്ടമാക്കി മാറ്റി.

ഒടുവില്‍ കോടതി മോഹനകുമാറിന് അനുകൂലമായി വിധിച്ചു. സര്‍ക്കാര്‍ നിയമം തിരുത്തിയെഴുതി. പക്ഷേ മുന്‍കാല പ്രാബല്യം ലഭിക്കാതെ വന്നതോടെ മോഹനകുമാറിന് ഡപ്യൂട്ടി കലക്ടറുടെ റാങ്ക് നഷ്ടമായി.

പക്ഷേ വരുന്ന തലമുറയ്ക്ക് ശാരീരിക പരിമിതികളുടെ പേരില്‍ പ്രമോഷന്‍ നഷ്ടമാവില്ലെന്ന് ഉറപ്പാക്കിയിലാണ് മോഹനകുമാര്‍ സര്‍വീസ് ബുക്കിനോട് വിട പറഞ്ഞിറങ്ങിയത്.

Exit mobile version