ഇവളാണ് എന്റെ ധനം! ജീവിതത്തില്‍ തുണയാകുന്നത് ഈ സ്ത്രീയെന്ന ധനം: കീര്‍ത്തിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് രാജേഷ് പറയുന്നു

പൊന്നും പണവും ഏറെ ഇല്ലെങ്കിലും പരാതികളില്ലാതെ ഒപ്പം നിന്ന് പോരാടാന്‍ പങ്കാളിയുണ്ടെങ്കില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം നേടാനാവും.
പൊന്ന് തോല്‍ക്കും മനസ്സുള്ള ഒരു പെണ്ണ് ഉണ്ടെങ്കില്‍, പൊന്നും പണവും എന്തിനാണെന്ന് തന്റെ വീല്‍ചെയറിന്റെ ഹാന്‍ഡിലില്‍ മുറുകെ പിടിച്ചിരിക്കുന്ന കീര്‍ത്തിയുടെ കൈകളില്‍ തലോടി രാജേഷ് പറയുന്നു.

രണ്ട് മനസ്സുകള്‍ ഒന്നുചേരുമ്പോള്‍ എന്നെന്നും ഫിക്‌സഡ് ഡിപ്പോസിറ്റായി നിലനില്‍ക്കുന്നത് പണമോ, പൊന്നോ, പ്രോപ്പര്‍ട്ടിയോ അല്ലെന്ന് ജീവിതം കൊണ്ടു തെളിയിക്കുകയാണ് ഈ മാതൃകാ ദമ്പതികള്‍. രാജേഷിന്റെ കൈപിടിച്ച് സ്‌നേഹനിധികളായ ഒരുകൂട്ടം പേരടങ്ങുന്ന വീടിന്റെ മരുമകളായി 2012ലാണ് കീര്‍ത്തി വന്നു കയറുന്നത്. എന്തുകൊണ്ടും സന്തോഷം കളിയാടിയിരുന്ന ജീവിതം. പക്ഷേ 2014-ല്‍ ആ സന്തോഷ ചിരികളെയെല്ലാം കെടുത്താന്‍ പോന്ന ഒരു വിധി കാത്തിരുന്നു.

ഊര്‍ജ്വസ്വലനായി ഓടി നടന്ന ഒരു ചെറുപ്പക്കാരനെ വീല്‍ചെയറിലേക്ക് തള്ളിവിട്ട ആ നശിച്ച ദിവസം ഇന്നും രാജേഷിനൊരു പേടി സ്വപ്‌നമാണ്. പക്ഷേ തളര്‍ത്തിയ വിധിയെ നോക്കി പുഞ്ചിരിക്കാനും അവിടുന്ന് ജീവിച്ചു തുടങ്ങാനും രാജേഷിന് കീര്‍ത്തി കരുത്ത് നല്‍കി.

സ്ത്രീധനമെന്ന ജീവനുകളെടുക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോള്‍, രാജേഷ് ഈ മാസ് ഡയലോഗ് പറയും. അന്ന് അവളുടെ കൈ പിടിക്കുമ്പോള്‍ ഒന്നും ചോദിച്ചു വാങ്ങിയിരുന്നില്ല. പൊന്നു കൊണ്ട് തുലാഭാരം നടത്തിയിരുന്നില്ല. പക്ഷേ അതിനേക്കാളും എത്രയോ വലിയ സ്ത്രീധനത്തെ ആണ് അവര്‍ എനിക്ക് തന്നത്.

അന്തസിന്റെ പേരു പറഞ്ഞാണ് പലരും കല്യാണത്തിന് കാശു പൊടിക്കുന്നത്. മക്കളുടെ ഭാവിയെ കരുതി എന്നൊക്കെ പറയും. പക്ഷേ ജീവിതത്തില്‍ പ്രശ്‌നം വരുമ്പോള്‍ ഈ കാണുന്ന കാശോ, പൊന്നോ, പണ്ടമോ നമുക്ക് ഉപകാരപ്പെട്ടു എന്ന് വരില്ല.

അവളാണ് എന്റെ ധനം. എന്റെ ജീവിതത്തില്‍ എനിക്ക് തുണയാകുന്നത് കീര്‍ത്തിയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹം ആണ്. ജീവിതത്തില്‍ എന്നെ നിര്‍ത്തുന്നത് സ്ത്രീധനം അല്ല. ഈ സ്ത്രീയെന്ന ധനമാണ്. കീര്‍ത്തിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു രാജേഷ് പറയുന്നു.

2012 ലായിരുന്നു ഞങ്ങളുടെ കല്യാണം. പക്ക അറേഞ്ച്ഡ് മാര്യേജ്. അന്ന് നടന്ന വിവാഹ ചര്‍ച്ചകളില്‍ ഒരു ഡിമാന്‍ഡും ഞാന്‍ മുന്നോട്ട് വെച്ചിരുന്നില്ല എന്ന് അന്തസോടെ പറയാനാകും. ഏറെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. കൃഷിയും അത്യാവശ്യം ബിസിനസുമൊക്കെയായി മോശമല്ലാത്ത രീതിയില്‍ ജീവിച്ചു തുടങ്ങി.

2014-ല്‍ ആയിരുന്നു എന്റെ ജീവിതം തന്നെ തകര്‍ത്ത ആ വിധി സംഭവിക്കുന്നത്. ഹെവി ലൈസന്‍സ് ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് ബൈക്കില്‍ തിരികെ വരുമ്പോള്‍ ഒരു ആക്‌സിഡന്റ്. പാഞ്ഞെത്തിയ കാര്‍ എന്റെ വണ്ടിയിലേക്ക് ഇടിച്ചുകയറി. നട്ടെല്ലിടിച്ച് വീഴുമ്പോള്‍ എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. ചോര ഒലിപ്പിച്ച് കിടന്ന എന്നെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു. ടെസ്റ്റുകളുടെയും, മരുന്നുകളുടെയും ഇടയില്‍ മരവിച്ചു കിടന്ന മണിക്കൂറുകള്‍.

ഒടുവില്‍ ഡോക്ടര്‍മാരുടെ അന്തിമ അറിയിപ്പെത്തി. വീട്ടുകാരെയും പ്രിയപ്പെട്ടവരെയും സാക്ഷിയാക്കി അന്ന് ഡോക്ടര്‍ എന്നോട് ചോദിച്ചു. രാജേഷ് എന്തിനാണ് ഇവിടെ വന്നത് എന്നാണ്. എന്തുചെയ്താലും വേണ്ടില്ല. എഴുന്നേറ്റ് നടക്കണം ഡോക്ടര്‍ എന്നായിരുന്നു എന്റെ മറുപടി. രാജേഷിന് ഇനി എഴുന്നേറ്റ് നിലനില്‍ക്കാനാകില്ല എന്ന് എന്റെ മുഖത്തേക്ക് നോക്കാതെ ദയനീയമായി ഡോക്ടര്‍ പറയുമ്പോള്‍ കീര്‍ത്തി പൊട്ടിക്കരയുകയായിരുന്നു. അവിടുന്നങ്ങോട്ട് ആശുപത്രി ആയിരുന്നു എന്റെ ലോകം. നീണ്ട ആറു മാസക്കാലം ആശുപത്രിയുടെ മടുപ്പിക്കുന്ന ചുമരുകള്‍ക്കിടയില്‍.

ഒടുവില്‍ വൈദ്യശാസ്ത്രം തോറ്റ് പിന്മാറിയപ്പോള്‍ ഞാനും എന്റെ ഈ വീല്‍ചെയര്‍ മാത്രം ബാക്കിയായി. പക്ഷേ തളര്‍ന്നു പോകുന്ന ഘട്ടത്തില്‍ കീര്‍ത്തി എനിക്ക് ചിറകുകളായി. തകര്‍ന്നു പോകുന്ന മനസിനെ ആശ്വസിപ്പിക്കുന്ന തണലായി മാറി അവള്‍. കണ്ണുകള്‍ കാണാന്‍ വയ്യാഞ്ഞിട്ടാണ്. പുറമെ പലരേയും അഭിമുഖീകരിക്കാനുളള മടിയായിരുന്നു. സഹതാപ കണ്ണുകള്‍ കാണാന്‍ വയ്യാഞ്ഞിട്ടാണ്. പക്ഷേ എല്ലാ അപകര്‍ഷതാബോധങ്ങളില്‍ നിന്നും അവള്‍ എന്നെ തിരികെ കൊണ്ടുവന്നു.

ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് ശംഖുമുഖം ബീച്ചിലേക്കാണ്. അതൊരു തുടക്കം മാത്രമായിരുന്നു. അവളുടെ ചിറകിന്റെ കരുത്തിലും തണലിലും ഞാന്‍ എവിടെയൊക്കെ പോയി. ഞാന്‍ പഴയപടി ആകാന്‍ തമിഴ്‌നാട് വെല്ലൂരിനടുത്തുള്ള ഒരു വലിയ അമ്പലത്തിലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചെകുത്തായ വലിയൊരു മല നേര്‍ച്ച എന്നോളം കീര്‍ത്തി നടന്നു കയറി.

ഇതേ ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം ഒന്‍പത് ആവുന്നു. അപ്പോഴും എന്റെ മുഖമൊന്ന് വാടാന്‍ അവള്‍ അനുവദിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ സന്തോഷവും നല്‍കി ഒരു ആയുഷ് കാലത്തിനുമപ്പുറം ഉള്ള സ്‌നേഹം നല്‍കി എന്റെ കീര്‍ത്തി എനിക്ക് അരികിലുണ്ട്. എല്ലാത്തിനും സാക്ഷിയായി ഞങ്ങളുടെ മകന്‍ അദ്വൈതും.

വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോകുന്നവരെ പ്രോത്സാഹിപ്പിച്ച്, സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും ഞാനും അവളും ശ്രമിക്കുന്നുണ്ട്. വീല്‍ചെയര്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്‍ സെക്രട്ടറിയുമാണ് രാജേഷ്.

Exit mobile version