കൈകാലുകളില്ലാത്തത് പരിമിതികളല്ല: കുടുംബം പുലര്‍ത്താന്‍ ബൈക്കോടിച്ച് യുവാവ്; ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഉറച്ച ആത്മവിശ്വാസവും ദൃഢ നിശ്ചയവുമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും മറികടക്കാന്‍ ആവും ജീവിതത്തില്‍. അങ്ങനെ കൈകാലുകളില്ലാതെ ബൈക്ക് ഓടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുവാവിന് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര.

ഡല്‍ഹി സ്വദേശിയായ യുവാവാണ് വിസ്മയിപ്പിക്കുന്നത്. ഇരു കൈകളും ഇരു കാലുകളും ഇല്ലാതെ വാഹനം ഓടിക്കുന്ന യുവാവ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.


‘എനിക്ക് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. വയസായ അച്ഛന്റേയും ഏക ആശ്രയം ഞാനാണ്. അതുകൊണ്ടാണ് പുറത്തിറങ്ങി ജോലി ചെയ്യുന്നത്’. അഞ്ചുവര്‍ഷമായി ബൈക്ക് ഓടിക്കുന്നെന്നും അംഗപരിമിതനായ യുവാവ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നു.

ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഇത് എവിടേയാണ് ചിത്രീകരിച്ചത് എന്ന കാര്യം അറിയില്ല. ഡല്‍ഹിയില്‍ ആണ് എന്ന കാര്യം അറിയാം. എന്റെ ടൈംലൈനില്‍ ആരോ പങ്കുവെച്ചതാണ് ഈ വീഡിയോ. കുറവുകളൊന്നും കാര്യമാക്കാതെ യുവാവ് വാഹനം ഓടിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ‘- വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ കുറിപ്പിലെ വരികളാണിവ. ജോലി നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തു.

Exit mobile version