ജോളിക്ക് ശസ്ത്രക്രിയ വേണം; വിദഗ്ധ ചികിത്സവേണമെന്ന് പ്രതിഭാഗം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.

ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

Exit mobile version