വിഷു ബമ്പര്‍: 10 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ഡോക്ടറെയും ബന്ധുവിനെയും

തിരുവനന്തപുരം: കേരളം കാത്തിരുന്ന ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചത് ഡോക്ടര്‍ക്കും ബന്ധുവിനുമാണ്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.

നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.

ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു. വിജയികളെ അറിഞ്ഞത് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷമാണ്. നാട്ടിലെ ഉത്സവത്തിരക്കിലായതിനാല്‍ ടിക്കറ്റിന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇരുവരും പറയുന്നു.

HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇവിടെ നിന്നും ടിക്കറ്റ് വാങ്ങി വില്‍പന നടത്തിയത് രംഗന്‍ എന്ന ചില്ലറ വില്‍പനക്കാരനാണ്.

Exit mobile version