മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറഞ്ഞു, സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്നും അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മടങ്ങി അതിജീവിത. തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്. ഭര്‍ത്താവും സഹോദരനും ഒപ്പമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എട്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കി.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേസില്‍ കുറേക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്.

തൃക്കാക്കര തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം, അതിജീവിത പരാതി സമര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചു.
അതിജീവിത രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്. വിചാരണ കോടതിയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന സംഭവങ്ങളും കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നതിലെ ആശങ്കയും അതിജീവിതയുടെ പരാതിയിലുണ്ട്. കേസിന്റെ നിലവിലെ സാഹചര്യവും മുന്നോട്ടുള്ള നടപടി ക്രമങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് സൂചന.

Exit mobile version