സ്ത്രീധനം കൊടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്! എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്, മകള്‍ക്ക് എല്ലാം നല്‍കണമെന്ന് ആഗ്രഹിച്ചുപോയി; വിസ്മയയുടെ അച്ഛന്‍

കൊല്ലം: കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ അത് നല്‍കിയ
തെറ്റിനുള്ള ശിക്ഷയാണ് താന്‍ അനുഭവിക്കുന്നതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍.

സ്ത്രീധനം കൊടുത്ത തെറ്റിന് സമൂഹത്തോട് മാപ്പ് ചോദിക്കുന്നു, തന്റെ അറിവില്ലായ്മ കൊണ്ടാണ് ഈ തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം നല്‍കിയതിന് എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ജനം കല്ലെറിഞ്ഞാലും പ്രതിഷേധിക്കില്ലെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

26 വര്‍ഷങ്ങള്‍ ഗള്‍ഫില്‍ അധ്വാനിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ക്ക് തന്നാല്‍ കഴിയുന്ന എല്ലാം നല്‍കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയെന്നും ത്രിവിക്രമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ‘സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്! ഒരാളുടെ ജീവിതം വച്ചല്ല സമൂഹത്തിന് സന്ദേശം നല്‍കേണ്ടത്’; കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്റെ വാദം

മകള്‍ എന്നെ ഫോണ്‍ വിളിച്ച് കരഞ്ഞശേഷം അവളെ ഞാന്‍ ഉപേക്ഷിക്കുകയല്ല ചെയ്തത്. ഞാന്‍ കിരണിന്റെ വീട്ടില്‍പ്പോയി എന്റെ മോളെ അന്നുതന്നെ വിളിച്ചുകൊണ്ട് വന്നു. അന്ന് കിരണിന്റെ അച്ഛന്‍ എന്നോട് പറഞ്ഞത് അവന് കൊടുക്കാനുള്ളത് കൊടുത്തേക്കൂ അപ്പോള്‍ പ്രശ്നങ്ങള്‍ തീരുമല്ലോ എന്നായിരുന്നു. പിന്നീട് മകള്‍ക്ക് പരീക്ഷ വന്നപ്പോഴാണ് ഹാള്‍ ടിക്കറ്റ് എടുക്കാനും മറ്റുമായി അവള്‍ കിരണിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയത്. ഇതൊന്നും ആരും അറിയുന്നില്ല.

നല്ല വിദ്യാഭ്യാസവും നല്ല സൗന്ദര്യവുമുണ്ടായിരുന്നു എന്റെ കുട്ടിയ്ക്ക്. ഞങ്ങളുടെ മകള്‍ക്ക് ഞങ്ങള്‍ ഇതാണ് കൊടുത്തത് നിങ്ങള്‍ എന്ത് തരുമെന്ന് കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഒരച്ഛനെന്ന നിലയ്ക്ക് ഞാന്‍ സ്ത്രീധനം കൊടുക്കുമെന്ന് സമ്മതിച്ചു പോയി. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അത്. ഞാന്‍ 26 വര്‍ഷമായി ഗള്‍ഫിലായിരുന്നു. സമൂഹവുമായി എനിക്ക് ബന്ധമില്ലായിരുന്നു. എന്റെ അറിവില്ലായ്മ മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.

നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്റെ മകള്‍, എന്റെ കുടുംബം എന്നൊരു ചിന്തയേ എനിക്കുണ്ടായിരുന്നുള്ളൂ. എന്റെ മകള്‍ക്ക് എന്നെക്കൊണ്ട് കഴിയുന്നതെല്ലാം നല്‍കാന്‍ ഒരച്ഛന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചു. ജീവിതത്തില്‍ ഞാന്‍ ചെയ്ത തെറ്റാണത്. സ്ത്രീധനം നല്‍കിയതിനുള്ള ശിക്ഷയാണ് ഞങ്ങള്‍ അനുഭവിക്കുന്നത്.

അതിന് എന്ത് ശിക്ഷ സമൂഹം വിധിച്ചാലും, കല്ലെറിഞ്ഞാലും ഞാന്‍ അതെല്ലാം ഏല്‍ക്കാന്‍ തയ്യാറാണ്. എനിക്കൊരു ന്യായീകരണവുമില്ല. എനിക്ക് ഒരു പ്രതിഷേധവുമില്ല. ഞാന്‍ അത് അര്‍ഹിക്കുന്നു. എന്റെ അനുഭവം നിങ്ങള്‍ മാധ്യമങ്ങള്‍ അവസരം കിട്ടുമ്പോഴെല്ലാം പറയണം. ഈ തെറ്റ് ഇനി മറ്റൊരു അച്ഛനും പറ്റരുത്. എന്റെ തെറ്റിന് സമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നെന്നും അദ്ദേഹം പറയുന്നു.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ തെളിഞ്ഞതായും കോടതി കണ്ടെത്തി. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സ്ത്രീധന നിരോധന നിയമപ്രകാരം വളരെ കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.

Exit mobile version