‘സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്! ഒരാളുടെ ജീവിതം വച്ചല്ല സമൂഹത്തിന് സന്ദേശം നല്‍കേണ്ടത്’; കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്റെ വാദം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവും ആകെ 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് വിധി പ്രസ്താവത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഐപിസി 304 ബി-യ്ക്ക് നല്‍കുന്ന പരമാവധി നല്‍കുന്ന ശിക്ഷയാണ് പത്തുവര്‍ഷം തടവ്. അത് ലഭിച്ചു.

അതിനെക്കാളേറെ പ്രധാന്യം സ്ത്രീധന നിരോധന നിയമപ്രകാരം വളരെ കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. അത് കോടതി നല്‍കിയിട്ടുണ്ടെന്നും ജി. മോഹന്‍രാജ് പറഞ്ഞു.

അതേസമയം, വാദ പ്രതിവാദങ്ങള്‍ക്കിടെ പ്രതിഭാഗം നടത്തിയ ചില വാദങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സൂര്യന് കീഴിലെ ആദ്യ സ്ത്രീധന പീഡന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ പ്രതാപചന്ദ്രന്റെ വാദം. എന്നാല്‍ താന്‍ ഇപ്പോഴും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

‘കോടതിയില്‍ വാദങ്ങള്‍ കടന്ന് പോയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജഡ്ജിക്കാണ്. കടന്ന് പോകുന്ന വാദം അദ്ദേഹം അനുവദിക്കില്ല. സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്. ഇന്ത്യയിലെ ആദ്യ കേസല്ല. ഇതിലും ക്രൂരമായ കേസുകള്‍ നടന്നിട്ടുണ്ട്. അന്ന് ഇന്ത്യ മുഴുവന്‍ കാത്തിരുന്നിട്ടില്ല എന്ന് പറയുന്നതില്‍ യാതൊരു പ്രശ്നവുമില്ല. അത് പറയേണ്ടത് തന്നെയാണ്’- അഭിഭാഷകന്‍ പറഞ്ഞു.

കുറ്റക്കാരനാണെന്ന് വിചാരണാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന ശിക്ഷയാണ് വിധിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പരമാവധി ശിക്ഷ കൊടുത്തിട്ടില്ല. പ്രോസിക്യൂട്ടര്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വേണ്ടി വാദിച്ചുവെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് നല്‍കാവുന്ന പരമാവധി ശിക്ഷ പത്ത് വര്‍ഷമാണ്. പക്ഷേ ആറ് വര്‍ഷമേ കൊടുത്തിട്ടുള്ളു. ഒരാളുടെ ജീവിതം വച്ചല്ല സമൂഹത്തിന് സന്ദേശം നല്‍കേണ്ടതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Exit mobile version