പാൻക്രിയാസിന് കാൻസർ; രോഗം പിടിമുറുക്കിയിട്ടും വകവെയ്ക്കാതെ രണ്ടാഴ്ച മുൻപു വരെ സേവനനിരതയായി രമ്യ! ഇവൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മാലാഖ, വിയോഗം താങ്ങാനാകാതെ സഹപ്രവർത്തകർ

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറായി ജോലി ചെയ്തുവന്ന പച്ചടി സ്വദേശിയായ കൊച്ചുപറമ്പിൽ 38കാരിയായ രമ്യമോളിന്റെ വിയോഗം താങ്ങാനാവാതെ സഹപ്രവർത്തകർ. മരിക്കുന്നതിന് രണ്ടാഴ്ച മുൻപുവരെ രമ്യ മോൾ ജോലിയിൽ കർമനിരതയായിരുന്നു. സ്വന്തം രോഗത്തിൽ നീറുമ്പോഴും ആശുപത്രിയിലെത്തുന്ന മറ്റ് രോഗികൾക്ക് താങ്ങും തണലായി നിന്ന രമ്യ യഥാർത്ഥ മാലാഖയാണെന്ന് സഹപ്രവർത്തകരും നാട്ടുകാരും പറയുന്നു.

ആശുപത്രിയിലെത്തുന്നവരോട് ‘സാരമില്ല കെട്ടോ… എല്ലാം ശരിയാകും’ എന്നും പറഞ്ഞ് കൂടെ രണ്ടുവരി പാട്ടും പാടിയാണ് രമ്യ രോഗികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. തന്റെ പാട്ടും ആശ്വാസവാക്കുകളും ബാക്കിയാക്കി ബുധനാഴ്ച രാത്രിയാണ് രമ്യ ലോകത്തോട് വിടപറഞ്ഞത്. പാൻക്രിയാസിനാണ് രമ്യയ്ക്ക് കാൻസർ ബാധിച്ചത്. ഗുരുതര രോഗം കൂടെയുണ്ടായിട്ടും അതെല്ലാം അവഗണിച്ച് കോവിഡ് കാലത്തും ഒരു ഡ്യൂട്ടി പോലും മുടക്കാതെ സ്വന്തം കാറോടിച്ചാണ് രമ്യ ആശുപത്രിയിലെത്തി സേവനം നടത്തിയത്.

വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിച്ച് ബിജെപി എംഎല്‍എ; കാല് കഴുകിക്കൊടുത്ത് സ്ത്രീ, രൂക്ഷവിമര്‍ശനം

കോവിഡ് കാലത്ത് സഹപ്രവർത്തകരെല്ലാം ജോലിക്ക് വരേണ്ടതില്ലന്ന് രമ്യയോട് പറഞ്ഞിട്ടും അവർ ഓടിയെത്തുമായിരുന്നു എന്ന് നഴ്‌സുമാരായ കനിയമ്മ, റിന്റ, നിഷ ബീവി, മായമോൾ, സത്യപ്രിയ എന്നിവർ പറയുന്നു. 2019ലാണ് രമ്യയ്ക്ക് പാൻക്രിയാസിൽ കാൻസർ രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗം തന്റെ ജോലിയെ ബാധിക്കാൻ രമ്യ അനുവദിച്ചില്ല. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.

റേഡിയേഷൻ നടക്കുന്ന സമയങ്ങളിൽ മാത്രമാണ് രമ്യ അവധിയെടുക്കുന്നത്. റേഡിയേഷന്റെ അസ്വസ്ഥതകൾ വിട്ടുമാറുന്നതോടെ ഉടനടി ജോലിയിലെത്തും. പിന്നീട് രോഗം പിടിമുറുക്കിയതോടെ ചികിത്സ തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി. ആഴ്ചയിലെ അവധി ദിവസങ്ങൾ രമ്യയ്ക്ക് ആർസിസിയിലേക്കുള്ള യാത്രകളായിരുന്നു. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്ന സമയത്ത് സഹപ്രവർത്തകർ പലതവണ മടക്കി അയയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും രമ്യ പോകില്ല.

സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ചപ്പോഴും ആശുപത്രിയിലെ സേവനങ്ങൾക്കായി ഓടിയെത്തി. പിന്നീട് രോഗം മൂർഛിച്ചതോടെ രണ്ടാഴ്ച മുൻപ് അവധിയെടുത്തു. എങ്കിലും ജോലി ചെയ്യുന്നില്ലെങ്കിലും തനിക്ക് ആശുപത്രിയിൽ വരണം എന്നു പറഞ്ഞ് ഒരാഴ്ച മുൻപ് താലൂക്കാശുപത്രിയിലെ വാർഡിൽ രോഗിയായി രമ്യ എത്തി. കൂടെ ജോലി ചെയ്തവർ കൂട്ടായി നിൽക്കുകയും ചെയ്തു. ഒടുവിൽ ബുധൻ രാവിലെ തനിക്കു വീട്ടിൽ പോകണമെന്നു പറഞ്ഞ് തിരികെ പച്ചടിയിലെ വീട്ടിലെത്തിയെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകൾ: എവറിൻ മരിയ (7).

Exit mobile version