ദോഷം അകറ്റാന്‍ ഏലസ്സ് ചോദിച്ചെത്തി: മലയാളി ജ്യോതിഷിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്നു

തിരുപ്പൂര്‍: ദോഷം അകറ്റാന്‍ ഏലസ്സ് ചോദിച്ചെത്തിയ യുവാവ് മലയാളിയായ വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു. തിരുവനന്തപുരം സ്വദേശിനി വിമലാദേവിയെയാണ് (58) തിരുപ്പൂര്‍ പല്ലടത്തിനടുത്തുള്ള ഗണപതി പാളയത്തിലെ വീട്ടില്‍ കെട്ടിയിട്ട ശേഷം കൊള്ളയടിച്ചത്.

ജ്യോതിഷവും മന്ത്രവാദവും ചെയ്യുന്ന ഇവരെ കാണാനായി 40 വയസ്സുള്ള യുവാവ് എത്തിയിരുന്നു. ദോഷം അകറ്റാനുള്ള ഏലസ്, കയര്‍ എന്നിവ അന്വേഷിച്ചായിരുന്നു രാജേഷ് എന്ന് പരിചയപ്പെടുത്തിയ യുവാവ് എത്തിയത്.

മണിക്കൂറുകള്‍ കഴിഞ്ഞും വിമലാദേവി പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരി വന്ന് നോക്കിയപ്പോഴാണ് വീട്ടില്‍ കസേരയിലിരുത്തി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വായില്‍ തുണിതിരുകി ബന്ധിച്ചിരുന്നു. മണിക്കൂറുകളോളം ബന്ധനസ്ഥയായതിനാല്‍ അബോധാവസ്ഥയിലായിരുന്നു

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സുഖംപ്രാപിച്ചുവരികയാണ്. കഴുത്തിലുണ്ടായിരുന്ന ഏഴുപവന്‍ സ്വര്‍ണാഭരണവും അലമാരയിലുണ്ടായിരുന്ന 7,000 രൂപയും കാണാതായെന്ന് ഇവര്‍ പല്ലടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

Exit mobile version