അറസ്റ്റ് ചെയ്യുമായിരിക്കും കാറിടിച്ച് കൊല്ലുമായിരിക്കും, അല്ലെങ്കിൽ കയ്യോ കാലോ ഒടിക്കും; ഇതല്ലേ ചെയ്യൂ; എങ്കിലും അതിജീവിതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി തേടി ഏതറ്റം വരെയും സഞ്ചരിക്കുമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചേ പറ്റൂ, എന്തൊക്കെ സംഭവിച്ചാലും അതിന് വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും സ്വകാര്യ ചാനലിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രമുഖയായ ഒരു വ്യക്തിയുടെ അവസ്ഥ ഇതാണ്. എങ്കിൽ ഒരു പാവപ്പെട്ട ഇരയുടെ അവസ്ഥ എന്തായിരിക്കും. കുറേ കാലങ്ങളായി ഇരകളെയാണ് കോടതിക്കുള്ളിൽ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിശബ്ദയായി പിന്മാറുകയാണ് പലരും എന്നാൽ ഇനി അങ്ങനെ പറ്റില്ലെന്നും ഈ കേസ് നാളെ ഒരു പഠന വിഷയമാകണമെങ്കിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചേ പറ്റൂവെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ALSO READ- പുഴ നീന്തിക്കടക്കുന്ന ദീപേഷ് കുളത്തിൽ മുങ്ങി മരിച്ചു; കൂടെയുണ്ടായിരുന്ന കൗമാരക്കാരൻ ആത്മഹത്യ ചെയ്തു; മരണങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന സംശയവുമായി കുടുംബം

നീതിക്കായി പോരാടുക തന്നെ ചെയ്യും. അത് എന്തൊക്കെ നേരിടേണ്ടി വന്നാലും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടു പോകും. അല്ലെങ്കിൽ കാറിടിച്ച് കൊല്ലുമായിരിക്കും. അല്ലെങ്കിൽ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല, ഇവിടെ നീതി നടപ്പിലായേ പറ്റൂ, ആരാണ് ഇതിന്റെ എല്ലാം പിന്നിലെന്ന് സമൂഹത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ പറ്റണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Exit mobile version