യുവാവിന്റെ ചികിത്സ സഹായത്തിലേക്ക് താലിമാല നല്‍കി സച്ചിന്‍-ഭവ്യ ദമ്പതികള്‍; പെരുന്നാള്‍ സമ്മാനമായി തിരിച്ചുനല്‍കി പ്രവാസിയുടെ കാരുണ്യം

നിലമ്പൂര്‍: നിര്‍ധന യുവാവിന്റെ ചികിത്സ സഹായത്തിന് നല്‍കിയ താലിമാല ദമ്പതികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി തിരികെ നല്‍കി പ്രവാസിയുടെ കാരുണ്യം. പ്രണയത്തിലൂടെ ജീവിതവഴിയില്‍ ഒരുമിച്ച പോത്തുകല്‍ പൂളപ്പാടം പട്ടീരി സച്ചിന്‍ കുമാര്‍-ഭവ്യ ദമ്പതികളാണ് തങ്ങള്‍ക്ക് ലഭിച്ച താലിമാല കഴിഞ്ഞ ദിവസം വൃക്കരോഗിയുടെ ചികിത്സാ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ഈ താലിമാലയാണ് ചികിത്സ കമ്മിറ്റിയില്‍ നിന്ന് വില നല്‍കി വാങ്ങി പ്രവാസിയായ വെളുമ്പിയംപാടം സ്വദേശി പെരുന്നാള്‍ സമ്മാനമായി നല്‍കിയത്.

പെരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച രാവിലെ പോത്തുകല്ലിലെ സച്ചിന് വിദേശത്തുനിന്ന് ഒരു ഫോണ്‍ കോള്‍: ‘സച്ചിനല്ലേ, വെളുമ്പിയംപാടത്തുനിന്ന് അബൂട്ടിക്ക ആണ്….’ സൗഹൃദസംഭാഷണത്തിന്റെ അവസാനം അബൂട്ടി പറഞ്ഞു: ‘ഉച്ചയ്ക്ക് തറവാട്ടില്‍ പോകണം, ഒന്നൂല്ല പെരുന്നാളൊക്കെയല്ലേ! ഭാര്യ ഭവ്യയെയും കൂട്ടിക്കോ. കുറച്ചുകഴിഞ്ഞു വീണ്ടും വിളിച്ചു. ‘ഉച്ചയ്ക്ക് ഒരു രണ്ടുമണിയാകുമ്പോള്‍ ഫ്രീ ആകാന്‍ നോക്കണം ട്ടോ’ ജ്യേഷ്ഠനും വിളിക്കുമെന്നും പറഞ്ഞു.

സച്ചിന്‍ ഭവ്യയുമൊത്ത് വെളുമ്പിയംപാടത്ത് വീട്ടില്‍ പോയി. കുറച്ചു പായസം കുടിച്ചു, കുറേ സംസാരിച്ചു. പോകാന്‍ നേരമായപ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞ് ഒരു ചെറിയ പെട്ടിയില്‍ നിന്ന് ഒരു സ്വര്‍ണമാല സച്ചിനും ഭാര്യക്കും നേരെ നീട്ടി. ഇരുവരും തരിച്ചുപോയി. ‘ഇത് നിങ്ങള്‍ക്കുള്ളതാണ് ഇത് വാങ്ങിക്കണംന്ന്’ ആ കുടുംബത്തിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

കുറച്ചുദിവസം മുന്‍പ്, പോത്തുകല്ല് മുണ്ടേരിയിലെ ബസ് തൊഴിലാളിയായിരുന്ന പാലക്കല്‍ മുജീബിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇവര്‍ ഭവ്യയുടെ താലിമാല നല്‍കിയത്. താലിമാലപോലും ഊരി നല്‍കിയ ഭവ്യയുടെ നല്ലമനസ്സ് അബൂട്ടിയെയും കുടുംബത്തെയും ആകര്‍ഷിച്ചിരുന്നു.

ചികിത്സാകമ്മിറ്റിക്ക് നല്‍കിയ മാല കമ്മിറ്റിക്കാരുടെ കൈയില്‍ നിന്ന് പണം കൊടുത്ത് ഈ കുടുംബം വാങ്ങിയത് അതുകൊണ്ടാണ്. അവര്‍ അത് ഭവ്യയുടെ കൈകളിലേക്കു തിരികെനല്‍കി. അവരുടെ കണ്ണുകളില്‍ സ്‌നേഹം നിറഞ്ഞിരുന്നതായി സച്ചിനും ഭവ്യക്കും അനുഭവപ്പെട്ടു.

പോത്തുകല്ല് വെളുമ്പിയംപാടത്തുള്ള സൈഫു, നാസര്‍, ഹബീബ്, അബൂട്ടി, നസീര്‍ എന്നീ സഹോദരങ്ങളും അവരുടെ കുടുംബവുമാണ് റംസാന്‍ മാസം പൂര്‍ത്തിയായപ്പോള്‍ നിറയെ സ്‌നേഹവുമായി ഞങ്ങളെ കാത്തിരുന്നതെന്ന് സച്ചിനും ഭവ്യയും മുഖപുസ്തകത്തില്‍ നന്ദി കുറിച്ചിട്ടു.

അര്‍ബുദ ബാധിതയായിരുന്ന ഭവ്യക്ക് നാടൊന്നിച്ച്, ഒരേ മനസ്സോടെ ആവശ്യമായ ചികിത്സ സഹായങ്ങള്‍ നല്‍കിയിരുന്നു. ഭവ്യയുടെ അസുഖം ഭേദപ്പെട്ടുവരുകയാണ്. ഇതിനിടെയാണ് നിര്‍ധന യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. വിവരമറിഞ്ഞ സച്ചിനും ഭവ്യയും ഒരു സങ്കോചവുമില്ലാതെ ഭവ്യയുടെ താലിമാല ചികിത്സ സഹായത്തിലേക്ക് നല്‍കി.

Exit mobile version