‘ക്ലോസറ്റിന് സെപ്റ്റിക് ടാങ്കില്‍ എത്താതിരിക്കാന്‍ ആവില്ലല്ലോ’: പിസി ജോര്‍ജിന് സംഘപരിവാര്‍ നല്‍കുന്ന സ്വീകരണത്തില്‍ സുദീപ്

കോഴിക്കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് സംഘപരിവാര്‍ സംഘടനകള്‍ നല്‍കുന്ന സ്വീകരണത്തില്‍ രൂക്ഷ പ്രതികരണവുമായി
മുന്‍ ജഡ്ജ് എസ് സുദീപ്. ക്ലോസറ്റിന് സെപ്റ്റിക് ടാങ്കില്‍ എത്താതിരിക്കാന്‍ ആവില്ലല്ലോ എന്നാണ് വിഷയത്തില്‍ സുദീപ് പറഞ്ഞത്.

‘പൂഞ്ഞാറ്റിലെ ക്ലോസറ്റിന് (പി.സി) സംഘപരിവാര്‍ സ്വീകരണം. ക്ലോസറ്റിന് സെപ്റ്റിക് ടാങ്കില്‍ എത്താതിരിക്കാന്‍ ആവില്ലല്ലോ,’ ഫേസ്ബുക്കില്‍ സുദീപ് എഴുതി.

മതവിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പോലീസ് ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുക.

പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതെന്നാണ് പോലീസ് വാദം. ഇതുകൂടാതെ പി.സി. ജോര്‍ജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടുന്നുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി. ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. അതിനാല്‍ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ തന്നെയാണ് സാധ്യത.

വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡിജിപിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ജാമ്യം നല്‍കിയ ഉത്തരവ് പരിശോധിച്ച ശേഷം ഇന്നു തന്നെ അപ്പീല്‍ കാര്യത്തില്‍ തീരുമാനമുണ്ടാകും.

നേരത്തെ ഉപാധികളോടെയായിരുന്നു ജോര്‍ജിന് ജാമ്യം അനുവദിച്ചിരുന്നത്. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version