തലചായ്ക്കാനൊരിടം പോലുമില്ല, ജീവിതത്തില്‍ തനിച്ചായി പുഷ്പലത, ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിച്ച് നല്‍കി കൂട്ടുകാര്‍, മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ഈ സഹപാഠികള്‍ക്ക് മധുരമുള്ള ഓര്‍മ്മ

തല ചായ്ക്കാന്‍ സ്വന്തമായൊരിടമില്ലെന്ന കൂട്ടുകാരിയുടെ വിഷമം തിരിച്ചറിഞ്ഞ് നെഞ്ചില്‍ തലചായ്ക്കാന്‍ ഒരു ജീവിതപങ്കാളിയെത്തന്നെ സമ്മാനിച്ച് സഹപാഠികള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോഴാണ് പുഷ്പലത എന്ന 49കാരിയുടെ ജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ അറിയുന്നതും അവര്‍ക്ക് കൂട്ടായി ഒരാളെ കണ്ടുപിടിച്ചതും.

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടത്തറ പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലെ 1987 – 88 പത്താം ക്ലാസ് ബാച്ചിലെ സഹപാഠികള്‍ ഒത്തുകൂടിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന ടി.കെ.ഷാജിയുടെ നേതൃത്വത്തിലാണ് സ്വകാര്യ കോളജ് നടത്തുന്ന പി.കെ. അനില്‍ കുമാറിന്റെ വീട്ടില്‍ പഴയ പത്താംക്ലാസ് കൂട്ടുകാരുടെ ഒത്തുചേരല്‍.

also read: സിനിമയിലെ പീഡനത്തിന് ഉത്തരവാദി സ്ത്രീകൾ; ചാൻസിന് വേണ്ടി ചിലർ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു; വിജയ് ബാബു കേസിൽ നടിയുടെ പ്രതികരണം

അതിനിടെയാണ് പുഷ്പലതയുടെ ഏകാന്ത ജീവിതത്തെക്കുറിച്ച് സഹപാഠികള്‍ അറിഞ്ഞത്. ചെറിയ പ്രായത്തില്‍ വിവാഹിതയായ പുഷ്പലത ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായി. വരുമാനമില്ലാതായതോടെ വാടക വീട് ഒഴിയേണ്ടി വന്ന പുഷ്പലത, വിവാഹം കഴിച്ചയച്ച തന്റെ പെണ്‍മക്കളുടെ വീടുകളെ ആശ്രയിക്കേണ്ടി വന്നു.

സ്വന്തമായി ഒരു വീടുവേണമെന്ന ആഗ്രഹമായിരുന്നു പുഷ്പലതയുടെ മനസ്സില്‍. പുഷ്പലതയുടെ ആഗ്രഹം മനസ്സിലാക്കിയതോടെ വീട് നിര്‍മിച്ച് നല്‍കാമെന്നായി സഹപാഠികളുടെ ആദ്യ ആലോചന. എന്നാല്‍, കൂട്ടിന് ആരുമില്ലല്ലോ എന്ന ചിന്ത വന്നതോടെ പുനര്‍ വിവാഹത്തെക്കുറിച്ചു കൂട്ടുകാര്‍ ചോദിച്ചു.

തുടര്‍ന്നാണ് പുഷ്പലതയ്ക്കു പറ്റിയ ഒരാള്‍ക്കു വേണ്ടി കൂട്ടുകാര്‍ തിരിച്ചില്‍ തുടങ്ങിയത്. ഒന്നരമാസം തിരഞ്ഞു. ഒടുവില്‍, അനില്‍ കുമാറിന്റെ വീടിനോടു ചേര്‍ന്നു താമസിക്കുന്ന പട്ടിക്കാട് സ്വദേശി മുരളിയെ അവര്‍ കണ്ടെത്തി. മുരളിയുടെ ഭാര്യ 17 വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

പുഷ്പലതയെ കുറിച്ച് അറിഞ്ഞപ്പോള്‍ മുരളിക്കും മുരളിയുടെ മക്കള്‍ക്കും സമ്മതം. പെണ്ണുകാണലും ഉറപ്പിക്കലും നടന്നത് കൂട്ടായ്മയിലെ അംഗമായ ജോളി ജോയിയുടെ നടത്തറയിലെ വീട്ടില്‍ വെച്ചായിരുന്നു. ഒടുവില്‍ നവവധുവിനെ പോലെ അണിയിച്ചൊരുക്കി സഹപാഠികള്‍ തങ്ങളുടെ കൂട്ടുകാരിയെ മുരളിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

ചെമ്പൂത്ര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ വസ്ത്രവും, ആഭരണങ്ങളും സഹപാഠികള്‍ വാങ്ങി നല്‍കി. തലേന്ന് നടത്തറയില്‍ ഉഗ്രന്‍ വിരുന്നും ഒരുക്കി. ഒടുവില്‍ വരന്റെ വീട്ടില്‍ വധുവിനെ എത്തിച്ചു കൂട്ടുകാര്‍ പിരിയുമ്പോള്‍ പുഷ്പലതയുടെ മനസ്സില്‍ പഴയ പത്താംക്ലാസ് പിരിഞ്ഞപ്പോഴുണ്ടായ അതേ സങ്കടമായിരുന്നു. കൂട്ടുകാരിക്കും പ്രിയതമനും ആശംസകള്‍ നേര്‍ന്നായിരുന്നു സഹപാഠികളുടെ മടക്കം.

Exit mobile version