ഇടുക്കിയില്‍ വീടിന് തീ കൊളുത്തിയ സംഭവം: അച്ഛനും അമ്മയ്ക്കും പിന്നാലെ മകളും മരിച്ചു

കൊച്ചി: ഇടുക്കി പുറ്റടിയില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ കേസില്‍ പൊള്ളലേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന മകള്‍ ശ്രീധന്യയും മരണത്തിനു കീഴടങ്ങി. 83 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ ഇന്ന് വൈകിട്ടോടെയാണു മരിച്ചത്.

ഇടുക്കി പുറ്റടിയില്‍ തിങ്കള്‍ പുലര്‍ച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്. വണ്ടന്‍മേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകള്‍ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പുറ്റടി എന്‍എസ്പിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ മജിസ്‌ട്രേട്ട് നേരിട്ടെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Read Also: നിര്‍ധനര്‍ക്ക് സ്‌നേഹവീട് സമ്മാനിച്ച് ദമ്പതികളുടെ കാരുണ്യം; ഒന്നര കോടി രൂപയ്ക്ക് നിര്‍മ്മിക്കുന്നത് 30 വീടുകള്‍

ഉറങ്ങിക്കിടന്ന ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രനും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പു രവീന്ദ്രന്‍ വാട്‌സാപ് വഴി സുഹൃത്തിനും കുടുംബാംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പിലും മരിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി സന്ദേശം അയച്ചിരുന്നു. കിടപ്പുമുറിയില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ മാതാപിതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടര്‍ന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണു നാട്ടുകാര്‍ ഓടിക്കൂടിയത്. ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ.

Exit mobile version