കുടുംബസമേതം പൊക്കുന്ന് മലയിലെത്തിയ പ്രതിശ്രുത വധൂവരൻമാർക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

കാക്കൂർ; കുടുംബത്തോടൊപ്പം സായാഹ്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ പൊക്കുന്ന് മലയിൽ എത്തിയ പ്രതിശ്രുത വധൂവരൻമാർക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവാവും യുവതിയും പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേർ പോലീസ് പിടിയിലായി.

പ്രദേശവാസികളായ കൈതയിൽ വീട്ടിൽ രാജു (36), നെല്ലിക്കോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47) എന്നിവരെയാണ് കാക്കൂർ എസ്എച്ച്ഒ ബികെ സിജു അറസ്റ്റ് ചെയ്തത്.

5 ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം കുടുംബത്തോടൊപ്പം പൊക്കുന്നു മലയിൽ എത്തിയതായിരുന്നു യുവതിയും യുവാവും. ഇരുവരും ഒരുമിച്ച് നടന്നപ്പോഴാണ് പ്രതികൾ എത്തി ഇരുവരേയും ചോദ്യം ചെയ്തത്. യുവതിയെയും യുവാവിനെയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും ഇതിനെതിരെ പ്രതികരിച്ച പ്രതിശ്രുത വരനെ ഇവർ ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെ ഇവർ കയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി.

ALSO READ- ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’, സെമിനാറിൽ പങ്കെടുക്കാൻ കെഎസ്ആർടിസി എംഡി നെതർലാൻഡിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ലെങ്കിലും എംഡിക്ക് ദിവസേനെ 100 ഡോളർ

ആക്രമണത്തിൽ പരുക്കേറ്റ യുവാവ് ചികിത്സ തേടി. ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ഇടമാണ് പൊക്കുന്ന് മല. അതേസമയം, ഇവിടെ വരുന്ന സഢ്ചാരികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം പതിവാണെന്ന് പരാതിയുണ്ട്. ഇത്തരം അനുഭവങ്ങൾ ഉണ്ടായ പലരും പോലീസിൽ പരാതി നൽകാൻ തയ്യാറാകാത്തതാണ് സംഭവം വഷളാക്കിയത്. കാഴ്ചകൾ കാണാൻ എത്തുന്നവർക്കു നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ ബികെ സിജു അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version