ബന്ധുനിയമന ആരോപണം; രാജി ആവശ്യപ്പെട്ട് കെടി ജലീലിന്റെ വീട്ടിലേക്ക് മാര്‍ച്ച്! വീട് കണ്ടു മടങ്ങട്ടെയെന്ന് മന്ത്രി

കോഴിക്കോട്: ബന്ധുനിയമന ആരോപണത്തില്‍ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ വീട് കണ്ടു മടങ്ങട്ടെ എന്നായിരുന്നു ലോംഗ് മാര്‍ച്ചിനോട് മന്ത്രി ജലീലിന്റെ പ്രതികരണം.

ബന്ധുനിയമന ആരോപണത്തെ തുടര്‍ന്ന് കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് ലോംങ് മാര്‍ച്ച് നടത്തിയിരുന്നു. കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയായിരുന്നു മാര്‍ച്ച്. മന്ത്രിയുടെ വീടിനു സമീപം മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായി. മാര്‍ച്ചിനുശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് ദേശീയപാത ഉപരോധിച്ചു.

അതെസമയം, മന്ത്രിക്കെതിരേ അന്വേഷണം നടത്തുമോ എന്ന് ചോദിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അപേക്ഷ നല്‍കി. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും, അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് അറിയിച്ചു.

Exit mobile version