നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണനെ സ്വീകരിച്ച് വികാരി, ക്രിസ്തുവിനെ മെഴുകുതിരി തെളിയിച്ച് സ്വീകരിച്ച് അമ്പലക്കമ്മറ്റിയും

തിരുവനന്തപുരം: നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണശില്‍പത്തില്‍ മാലയിട്ട് സ്വീകരിച്ച് വികാരി. തിരുവനന്തപുരത്തെ പീരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്താണ് മതസൗഹാര്‍ദ കാഴ്ചയ്ക്ക് വേദിയായത്.

തൈക്കാട്ട് മദര്‍ തെരേസ ദേവാലയത്തിലെ വികാരിയും കൂട്ടരുമാണ് കൃഷ്ണനെ മാലയിട്ട് സ്വീകരിച്ചത്. ദുഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ക്രിസ്തുവിന്റെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരി തെളിയിച്ച് അമ്പലക്കമ്മറ്റിയും സ്വീകരിച്ചത് മതമൈത്രിയുടെ മഹനീയ മാതൃകയായി.

പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയാണ് നടന്നത്. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദര്‍ തെരേസ ദേവാലയത്തിന്റെ മുന്നിലെ വഴിയിലൂടെയാണ് കടന്നുപോകുന്നത്.

പള്ളിക്കുമുന്നില്‍ എഴുന്നള്ളത്തെത്തിയപ്പോള്‍ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ വരവേറ്റു. ചെറിയൊരു പന്തല്‍ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വെച്ചാണ് വരവേറ്റത്. സെന്റ് ജോണ്‍സ് ആശുപത്രി ജീവനക്കാരും സ്വീകരണത്തില്‍ പങ്കെടുക്കാനെത്തി.

ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കര്‍പ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്‌നേഹവും മതസൗഹാര്‍ദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.

ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തില്‍ നിന്നാരംഭിച്ച് ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോള്‍ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും ഒന്നിച്ചു വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കുരിശിന്റെ വഴിയെ സ്വീകരിക്കാന്‍ ഒപ്പംകൂടി. മതസൗഹാര്‍ദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആര്‍.എസ്.സുനില്‍ പറഞ്ഞു.

Exit mobile version