മുതിർന്ന സിപിഎം നേതാവ് എംസി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: നിതാ കമ്മീഷൻ മുൻ അധ്യക്ഷയും മുതിർന്ന സിപിഎം നേതാവുമായ എംസി ജോസഫൈൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് അന്ത്യം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈൻ പാർട്ടിയിലെ സുപ്രധാന നേതാക്കളിൽ ഒരാളായിരുന്നു. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണും അങ്കമാലി നഗരസഭാ കൗൺസിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

യുവജന സംഘടനയായിരുന്ന കെഎസ്‌വൈഎഫിന്റെ പ്രവർത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തിൽ സജീവമായത്. 1978ൽ കെഎസ്‌വൈഎഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവർത്തിച്ചു.

ALSO READ- സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

വൈപ്പിൻ മുരുക്കിൻപാടം സ്വദേശിയാണ്. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്പെൻസർ കോളേജിൽ അധ്യാപികയായിരുന്നെങ്കിലും മുഴുവൻ സമയ പാർട്ടി പ്രവർത്തകയാകാൻ വേണ്ടി ജോലി രാജിവെച്ചു.

ALSO READ- മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

2003ലാണ് സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ൽ ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ൽ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ട്രേഡ് യൂണിയൻ നേതാവും അങ്കമാലി നഗരസഭാ മുൻ കൗൺസലറുമായിരുന്ന പരേതനായ പിഎ മത്തായി ആണ് ഭർത്താവ്. മകൻ മനു. മരുമകൾ ജ്യോത്സ്ന. മാനവ് വ്യാസും കണ്ണകിയുമാണ് കൊച്ചുമക്കൾ.

Exit mobile version