റോഡില്‍ വീണ പണം കൈപ്പറ്റാന്‍ പോലീസ് സ്‌റ്റേഷനിലെത്തി: കുഴല്‍പ്പണക്കേസില്‍ കൈയ്യോടെ അറസ്റ്റില്‍; 5 ലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറം: റോഡില്‍ വീണ് നഷ്ടമായ പണം തിരികെ വാങ്ങാന്‍ സ്റ്റേഷനിലെത്തിയ ഉടമ കുഴല്‍പ്പണക്കേസില്‍ കൈയ്യോടെ അറസ്റ്റില്‍. വഴിയില്‍ നിന്ന് 43,000 രൂപ വീണ് കിട്ടിയതിന്റെ ഉടമസ്ഥാവകാശം പറഞ്ഞ് ചെന്നഅതിതലക്കല്‍ അഷ്‌റഫി(48)നെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് റോഡരികില്‍ നിന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 43,000 രൂപ ലഭിച്ചത്. ഇവര്‍ പണം പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് അഷ്‌റഫ് തന്റെ പണം പോക്കറ്റില്‍ നിന്നും വീണുപോയതാണന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി.

പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസ് ആദ്യം ചോദിച്ചത്. മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തപ്പോള്‍ വീണുപോയതെന്നായിരുന്നു മറുപടി. 43,000 രൂപയാണ് റോഡില്‍ നഷ്ടപ്പെട്ടത്. ഉടമയ്ക്ക് പണം തിരിച്ചു നല്‍കുന്നതിന് മുന്‍പ് സ്റ്റേഷന്‍ കംപ്യൂട്ടറില്‍ ഇയാളുടെ പേര് പരിശോധിച്ചു നോക്കിയപ്പോഴാണ് 2 വര്‍ഷം മുന്‍പ് കുഴല്‍പണ കേസില്‍ അറസ്റ്റിലായ ആളാണെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അരയില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നുമായി 5 ലക്ഷം രൂപയോളം പിടിച്ചെടുക്കുകയായിരുന്നു. പണം കോടതിയില്‍ ഹാജരാക്കി.

Exit mobile version