സ്‌കൂള്‍ കിറ്റിലെ കടല മിഠായി ഗുണനിലവാരമില്ലാത്തതെന്ന മനോരമ വാർത്ത വ്യാജം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം: സപ്ലൈകോ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കിറ്റിലെ കടല (കപ്പലണ്ടി) മിഠായി ഗുണനിലവാരമില്ലാത്തതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

കടല മിഠായിയില്‍ വിഷാംശം ഉള്ളതായി മനോരമ ദിനപത്രത്തില്‍ 07-11-2021 ന് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലൈക്കോ വഴി ശേഖരിച്ചു നല്‍കിയ ഭക്ഷ്യകിറ്റിലെ കടല മിഠായി ഗുണനിലവാരമില്ലെന്ന വാര്‍ത്ത യില്‍ അടിസ്ഥാനമില്ലെന്നു൦ ഇ-ടെന്‍ഡര്‍ വഴി തെരെഞ്ഞെടുക്കുന്നതും FSSAI മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം നടത്തുന്നതുമായ വിതരണക്കാരില്‍ നിന്നുമാണ് കിറ്റിലേക്കുള്ള മിഠായി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സപ്ലൈക്കോ വാങ്ങിയിട്ടുള്ളതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

കോവിഡ്-19 മഹാമാരി കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടി നിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ തയ്യാറാക്കി നല്‍കിയ സപ്ലൈക്കോക്കെതിരെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിരുന്നില്ല.

കൂടാതെ ഏത് സ്‌കൂളില്‍ നിന്ന് വിതരണം ചെയ്തത് അഥവാ ഏത് സപ്ലൈക്കോ സ്ഥാപനത്തില്‍ തയ്യാറാക്കിയ ഭക്ഷ്യ കിറ്റില്‍ നിന്നുമുള്ള കപ്പലണ്ടി മിഠായിയാണ് ലാബില്‍ പരിശോധിച്ചതെന്ന് പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നില്ല.

പത്ര വാര്‍ത്ത വ്യാജമാണെന്ന് ബോധ്യപ്പെട്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂള്‍ കുട്ടികള്‍ക്കായി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തണ൦ എന്ന നരീക്ഷണത്തോടെയാണ് കമ്മീഷന്‍ കേസ് തീർപ്പാക്കിയത്.
You sent

Exit mobile version