നിറം മങ്ങി നമസ്‌കാരപ്പള്ളി, പെയിന്റ് ചെയ്ത് മനോഹരമാക്കി സൂര്യനാരായണന്‍: ‘റംസാന്‍ സമ്മാന’ത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം

മലപ്പുറം: റംസാനെ വരവേല്‍ക്കാന്‍ നമസ്‌കാരപ്പള്ളി പെയിന്റ് ചെയ്ത് മനോഹരമാക്കി
മതസൗഹാര്‍ദത്തിന്റെ മാതൃകയായി വറ്റലൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ സൂര്യനാരായണന്‍. റംസാന്‍ മാസമായിട്ടും പെയിന്റ് ചെയ്യാതെ കണ്ട വറ്റലൂര്‍ കുറുവ വില്ലേജ് ഓഫീസിനു സമീപത്തെ നമസ്‌കാരപ്പള്ളിയാണ് പ്രവാസിയായ സൂര്യനാരായണന്‍ പെയിന്റ് ചെയ്തിരിക്കുന്നത്.

റംസാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ പള്ളികളും വീടുകളും പെയിന്റ് ചെയ്ത് മനോഹരമാക്കുമ്പോഴാണ് പെയിന്റ് ചെയ്യാതെ കിടക്കുന്ന നമസ്‌കാരപ്പള്ളി സൂര്യനാരായണന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ പള്ളി പെയിന്റ് ചെയ്യാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. പ്രശസ്തി ലക്ഷ്യമിട്ടു ചെയ്തതല്ലെന്നും തന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന സൂര്യനാരായണന്‍ ഒരുമാസത്തെ അവധിക്ക് നാട്ടില്‍ വന്ന സമയത്താണ് സമൂഹത്തിനു മാതൃകയായ പ്രവൃത്തി ചെയ്തത്.

സാമൂഹികമാധ്യമങ്ങളിലൂടെ സംഭവം വൈറലുമായി. സൂര്യനാരായണനെ അഭിനന്ദിച്ച് മുസ്ലിം യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങളും രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേലിക്കെട്ടുകള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ഇത്തരം കാര്യങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. ഇതുപോലുള്ള സൂര്യനാരായണന്‍മാര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതിലാണ് നമ്മുടെ നാടിന്റെ പ്രതീക്ഷയെന്നും മുഈന്‍ അലി തങ്ങള്‍ കുറിച്ചു.

Exit mobile version