കയറിപ്പിടിക്കാൻ ശ്രമിച്ചു; ഉപദ്രവം കൂടിയപ്പോൾ പിങ്ക് പോലീസിനെ വിളിക്കാനൊരുങ്ങി! ബസ് നിർത്തിയ ഉടനെ അക്രമി ഓടി രക്ഷപ്പെട്ടു, വിടാതെ ആരതിയും! ഓടിച്ചിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു

Bus travelling | Bignewslive

കരിവെള്ളൂർ: യാത്രയ്ക്കിടെ ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് യുവതിയുടെ ധീരത. കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ പി.ടി. ആരതിയാണ് ബസിലുള്ള യാത്രക്കാരെയും ജീവനക്കാരെയുമെല്ലാം ഞെട്ടിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

പ്രതി മാണിയാട്ട് സ്വദേശി രാജീവനാണ് പോലീസിന്റെ പിടിയിലായത്. 52 വയസായിരുന്നു. സ്വകാര്യ ബസ് പണിമുടക്കായതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോൾ ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങി. പലതവണ മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ ഉപദ്രവം തുടർന്നു. ഈ സമയം, ബസിലുള്ള മറ്റാരും പ്രതികരിച്ചതുമില്ല. ഉപദ്രവം തുടർന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗിൽനിന്ന് ഫോണെടുത്തു.

നഗരസഭ കൗൺസിലറുടെ കൊലപാതകം:വെട്ടേറ്റത് തലയിലും നെറ്റിക്കും,പ്രതി പൊലീസ് കസ്റ്റഡിയിൽ

അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയിൽ അയാൾ ബസിൽനിന്ന് ഇറങ്ങിയോടി. എന്നാൽ ആരതിയും പിന്നാലെ ഓടി. നൂറുമീറ്ററോളം പിറകെ ഓടിയാണ് രാജീവനെ ആരതി പിടികൂടിയത്. രക്ഷപ്പെട്ടാൽ പരാതി നൽകുമ്പോൾ ഒപ്പം ചേർക്കാൻ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവിൽ അയാൾ ഒരു ലോട്ടറി സ്റ്റാളിൽ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തിൽ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേർന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകൾക്കുള്ളിൽ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽനിന്ന് കഴിഞ്ഞവർഷം ബിരുദപഠനം പൂർത്തിയാക്കിയ ആരതി കോളേജിലെ എൻ.സി.സി. സീനിയർ അണ്ടർ ഓഫീസറായിരുന്നു.

പകൽസമയത്ത് യാത്രക്കാർ നിറഞ്ഞ ബസിനുള്ളിൽ ഇങ്ങനെ ഉപദ്രവിക്കുന്നയാൾ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാൽ വെറുതെവിടുമോ. അതിനാലാണ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾ പ്രതികരിക്കണമെന്ന് ആരതി തന്റെ അനുഭവം പറഞ്ഞുകൊണ്ട് പറഞ്ഞു.

Exit mobile version